റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി കൂട്ടി ഇന്ത്യ. മാർച്ചിലെ 30 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 40 ശതമാനമായാണ് ഇറക്കുമതി കൂട്ടിയത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് പ്രതിദിനം 1.78 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ചൈന 1.27 ദശലക്ഷം ബാരലാണ് ഇതേ കാലയളവിൽ ഇറക്കുമതി ചെയ്തത്. ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയേക്കാൾ കൂടുതൽ എണ്ണ റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതിനാൽ ഇന്ത്യൻ കമ്പനികൾ റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്തു. റഷ്യൻ ക്രൂഡ് ബാരലിന് 7-8 ഡോളർ കിഴിവിൽ ലഭ്യമാണ്. ഇത് കാരണമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ക്രൂഡ് വാങ്ങുന്നതിന് കൂടുതലായി താൽപര്യം കാണിക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയും ആണ് റഷ്യയിൽ നിന്നും 45 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്തത്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് പങ്കാളിത്തമുള്ള എണ്ണ വിതരണ കമ്പനിയാണ് നയാര എനർജി. ഫെബ്രുവരി,മാർച്ച് മാസങ്ങളിലെ ഉയർന്ന റഷ്യൻ ക്രൂഡ് കയറ്റുമതിയും ചൈനീസ് എണ്ണക്കമ്പനികളുടെ കുറഞ്ഞ ഇറക്കുമതിയും ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് കൂടുതൽ ക്രൂഡ് ഓയിൽ ലഭ്യമാക്കി