റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. ആകെ ഇറക്കുമതിയുടെ അഞ്ചില്‍ രണ്ട് ഭാഗവും റഷ്യയില്‍ നിന്നുള്ള എണ്ണയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തതും റഷ്യയില്‍ നിന്നാണ്. റഷ്യ – യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാശ്ചാത്യ രാജ്യങ്ങള്‍ കുറച്ചിരുന്നു. ഇതോടെയാണ് താരതമ്യേന കുറഞ്ഞ വിലയില്‍ എണ്ണ ഇന്ത്യ വാങ്ങിത്തുടങ്ങിയത്.
ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 1.76 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 7.8 ലക്ഷം ബാരലാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. റഷ്യക്ക് പിന്നാലെ ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇറാഖില്‍ നിന്നും പ്രതിദിനം 9.25 ലക്ഷം ബാരലും, സൗദിയില്‍ നിന്ന് 6.07 ലക്ഷം ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇക്കാലയളവില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആകെ ഇറക്കുമതി 28 ശതമാനം കുറഞ്ഞു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എണ്ണ വില കൂട്ടുന്നതിന് ഉല്‍പാദനം കുറയ്ക്കാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്ന കൂടുതല്‍ സാധ്യതകള്‍ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് സൂചന.
അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ഇന്‍ഡിപെന്‍ഡഡ് സ്റ്റേറ്റ്സ് (സിഐഎസ്) രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഒപെകില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ 22 വര്‍ഷത്തെ താഴ്ന്ന നിലയിലുമാണ്.