ഹൃദയ രോഗം സംബന്ധിച്ച വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസി എടുത്തയാളുടെ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണ്ടെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. പോളിസി എടുക്കുന്ന സമയത്ത് ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ മറച്ച് വച്ചത് മൂലം പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംഭവിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്.
1993 നവംബര്‍ 1ാം തിയതിയാണ് കേസിന് ആസ്പദമായ പോളിസി എടുക്കുന്നത്. മൂന്ന് ലക്ഷം രൂപയുടേതായിരുന്നു പോളിസി. ഡിസംബര്‍ 14 മുതല്‍ പോളിസി നിലവില്‍ വന്നു. 1995 ജൂലൈ 10 നാണ് പോളിസി ഉടമ മരിക്കുന്നത്. ഹൃദയ സംബന്ധിയായ തകരാറിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ ക്ലെയിം തുക ആവശ്യപ്പെട്ട് നോമിനിയായ ഭാര്യ എല്‍ഐസിയെ സമീപിക്കുകയായിരുന്നു. രോഗവിവരം മറച്ച് വച്ച് പോളിസി എടുത്തതെന്ന കാരണത്താല്‍ ക്ലെയിം എല്‍ഐസി നിഷേധിച്ചിരുന്നു. ഇതിനെതിരെ പോളിസി ഉടമയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. പോളിസി അപേക്ഷയില്‍ വിവരങ്ങള്‍ പൂരിപ്പിച്ചത് ഏജന്‍റ് ആണെന്നും അതിനാല്‍ തെറ്റായ വിവരങ്ങള്‍ക്ക് പോളിസി ഉടമയ്ക്ക് ഉത്തരവാദിത്തമില്ലെന്നും നിരീക്ഷിച്ച എറണാകുളം സബ്കോടതി ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എല്‍ഐസിയാണ് ഹൈക്കോടതിയെ സമീപിച്ചത്
പോളിസി എടുക്കുന്നതിന് മുന്‍പ് ചികിത്സ തേടിയ പോളിസി ഉടമ ശസ്ത്രക്രിയയ്ക്ക് വിധേയനായതടക്കം ഉള്ള കാര്യങ്ങളാണ് പോളിസി അപേക്ഷയില്‍ രേഖപ്പെടുത്താതിരുന്നത്. ചികിത്സ സംബന്ധിയായ ചോദ്യങ്ങളില്‍ ഇല്ലെന്നായിരുന്നു പോളിസി ഉടമ സാക്ഷ്യപ്പെടുത്തിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് എല്‍ഐസി ഉത്തരവാദിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്.