പ്രതിസന്ധിയിലായ ആകാശ എയറിനു രാജ്യാന്തര സർവീസിന് അനുമതി. വർഷാവസാനത്തോടെ രാജ്യാന്തര സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ച ആകാശ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം ആരംഭിച്ചുവെന്നാണു വിവരം. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ നോട്ടിസ് കാലാവധി പൂർത്തിയാക്കാതെ 43 പൈലറ്റുമാർ രാജിവച്ചതിനെത്തുടർന്നു കടുത്ത പ്രതിസന്ധി നേരിടുന്ന കമ്പനി, സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്.
നില മെച്ചപ്പെടുത്താൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും സർവീസുകൾ താൽക്കാലികമായി നിർത്തേണ്ടി വരുമെന്നും കമ്പനി സിഇഒ വിനയ് ദുബെ ചൊവ്വാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണെന്നു കഴിഞ്ഞ ദിവസം കമ്പനി ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു
ജൂലൈ മാസം ആരംഭിച്ച സർവീസ് വെട്ടിക്കുറയ്ക്കൽ അടുത്ത മാസവും തുടരേണ്ടി വരുമെന്നാണു വിവരം. പൈലറ്റുമാർക്കെതിരെ നടപടിയാവശ്യപ്പെട്ടു കമ്പനി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്പനി പ്രതിസന്ധിയിലാണെന്നും നിലവിലെ സാഹചര്യത്തിൽ അടച്ചുപൂട്ടേണ്ടി വരുമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ കമ്പനി പറയുന്നു. ക്യാപ്റ്റൻമാരും സഹ–പൈലറ്റുമാരും കമ്പനി വിടുന്നതിനു മുൻപു 6–12 മാസം നോട്ടിസ് കാലാവധി പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ. രാജിവച്ച 43 പേർ ഇതു പാലിച്ചില്ലെന്നും കമ്പനി ആരോപിച്ചു. വിഷയം നാളെ കോടതി പരിഗണിക്കുന്നുണ്ട്.
പൈലറ്റുമാരുടെ കുറവിനെത്തുടർന്നു പ്രതിദിനം 24 സർവീസുകളാണു നിലവിൽ ആകാശ വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിദിനം 120 സർവീസുകൾ നടത്തുന്ന കമ്പനിക്ക് ഈ മാസം മാത്രം 700 സർവീസുകൾ ആകെ ഉപേക്ഷിക്കേണ്ടി വരുമെന്നാണു വിവരം. എന്നാൽ, പൈലറ്റ് വിഷയത്തിൽ ഡിജിസിഎ ഇതുവരെ ഇടപെട്ടിട്ടില്ല. അതേസമയം, പുതിയ പൈലറ്റുമാർ പരിശീലനത്തിന്റെ പല ഘട്ടങ്ങളിലാണെന്നും ഇതു പൂർത്തിയായാലുടൻ 30 വിമാനങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുമെന്നും വിനയ് ദുബെ ഇ–മെയിൽ സന്ദേശത്തിൽ പറയുന്നു.