രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ബ്രെന്റ് ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 73 ഡോളറാണ് നിലവിൽ. യുഎസിലെ ബാങ്കുകളുടെ തകർച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിനു കാരണമായേക്കാം എന്ന അഭ്യൂഹങ്ങളാണ് 80 ഡോളറിനു മുകളിലുണ്ടായിരുന്ന ക്രൂഡ് വില പെട്ടെന്നു താഴാനുണ്ടായ കാരണം.
അതേസമയം, ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ–ഫെബ്രുവരി കാലയളവിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ആകെ ഇറക്കുമതിയിൽ അഞ്ചു മടങ്ങിന്റെ വർധന. ക്രൂഡ് ഓയിലിനുവേണ്ടി റഷ്യയെ കൂടുതലായി ആശ്രയിച്ചതോടെ ഇറക്കുമതി 4156 കോടി ഡോളറിലെത്തി.
യുക്രെയ്ൻ യുദ്ധത്തോടെ റഷ്യയിൽനിന്ന് ഓയിൽ കുറഞ്ഞ വിലയ്ക്ക് കിട്ടിയതാണ് ഇറക്കുമതി കൂട്ടിയത്. ജനുവരിയിൽ ആകെ ഓയിൽ ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽ നിന്നാണ്.