സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ കഴിഞ്ഞ ത്രൈമാസത്തിൽ രാജ്യാന്തര തലത്തിലുണ്ടായത് കനത്ത ഡിമാൻഡ് ഇടിവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ആഭരണ ഡിമാൻഡിൽ വൻ കുറവുണ്ടായി.
രാജ്യാന്തര തലത്തിലെ സ്വർണാഭരണ ആവശ്യകത മുൻവർഷത്തെ സമാനകാലത്തെ 479.4 ടണ്ണിൽ നിന്ന് 19 ശതമാനം ഇടിഞ്ഞ് 390.6 ടണ്ണിലെത്തി. ചൈനയിലെ ഡിമാൻഡ് 132.1 ടണ്ണായിരുന്നത് 35 ശതമാനം താഴ്ന്ന് 86.3 ടണ്ണായി.രണ്ടാമത്തെ വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യ നേരിട്ടത് 17 ശതമാനം ഇടിവാണ്. 128.6 ടണ്ണിൽ നിന്ന് 106.5 ടണ്ണിലേക്കാണ് ഡിമാൻഡ് കുറഞ്ഞത്. കോവിഡിന് ശേഷം സ്വർണാഭരണ ഡിമാൻഡ് ഇന്ത്യയിൽ ഒരുപാദത്തിൽ ഇത്രയും കുറയുന്നത് ആദ്യം.സ്വർണാഭരണങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന അക്ഷയ തൃതീയ ആഘോഷം നിറഞ്ഞ ത്രൈമാസമായിട്ടും വിൽപന നിറംമങ്ങിയത് വിലവർധന മൂലമാണെന്നും റിപ്പോർട്ടിലുണ്ട്. ജൂൺപാദത്തിൽ ഇന്ത്യയിൽ മൊത്തം സ്വർണ ആവശ്യകത 5 ശതമാനം കുറഞ്ഞു. 158.1 ടണ്ണിൽ നിന്ന് 149.7 ടണ്ണായാണ് കുറഞ്ഞത്.
കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) രാജ്യാന്തര സ്വർണ വില ഔൺസിന് 2,483 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ വില പവന് 55,000 രൂപയെന്ന സർവകാല ഉയരവും തൊട്ടു. വില കത്തിക്കയറിയത് ഉപയോക്താക്കളെ വിപണിയിൽ നിന്ന് അകറ്റുകയായിരുന്നു.അതേസമയം, ഇപ്പോൾ വില കുറഞ്ഞുനിൽക്കുന്നു എന്നതും കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതോടെ, ആഭ്യന്തര വിലയും വൻതോതിൽ കുറഞ്ഞതിനാലും നിലവിൽ വിൽപന മെച്ചപ്പെടുന്നുണ്ട്.പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള വാങ്ങൽ വിലയിൽ ബജറ്റിന് മുമ്പത്തേക്കാൾ ഏകദേശം 5,000 രൂപയുടെ കുറവ് നിലവിൽ കേരളത്തിൽ പവൻ വിലയിലുണ്ട്. ഇതാണ്, ഉപയോക്താക്കളെ ആകർഷിക്കുന്നത്.