ദേശീയതലത്തില്‍ കഴിഞ്ഞമാസം റീടെയ്ല്‍ പണപ്പെരുപ്പം 12-മാസത്തെ താഴ്ചയിലെത്തിയിട്ടും കേരളത്തില്‍ ദൃശ്യമായത് കടകവിരുദ്ധമായ ട്രെന്‍ഡ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക (റീടെയ്ല്‍ പണപ്പെരുപ്പം) പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട് പ്രകാരമാണിത്.
കഴിഞ്ഞമാസം വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒഡീഷ (6.25%), കര്‍ണാടക (6.11%), തെലങ്കാന (5.97%), ആന്ധ്രാപ്രദേശ് (5.87%) എന്നിവയാണ് കേരളത്തിന് മുന്നിലുള്ളവ. അതേസമയം ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റം –1.99%. ഉത്തരാഖണ്ഡ് (3.37%), ബംഗാൾ (3.40%) എന്നിവിടങ്ങളിലും വിലക്കയറ്റത്തോത് കുറവാണ്.