വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ രാജ്യത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കേരളം നടത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്ര വാഹന വില്‍പനയിലും വൈദ്യുത കാര്‍ വില്‍പനയിലും ആദ്യപത്തില്‍ കേരളം ഇടം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളുടേയും വൈദ്യുത കാറുകളുടേയും വില്‍പനയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. 2024ലെ വൈദ്യുത കാറുകളുടെ വില്‍പനയില്‍ മൂന്നാം സ്ഥാനവും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ ആറാം സ്ഥാനവും സ്വന്തമാക്കാന്‍ കേരളത്തിനായി.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയാണ് വൈദ്യുത ഇരുചക്രവാഹന വില്‍പനയില്‍ മുന്നിലുള്ളത്. 2,10,174 വൈദ്യുത ഇരുചക്രവാഹനങ്ങളാണ് 2024ല്‍ മഹാരാഷ്ട്രയില്‍ വിറ്റത്. നിരവധി വാഹന നിര്‍മാണ കമ്പനികളുടെ ആസ്ഥാനവും മഹാരാഷ്ട്രയിലാണ്. പൂനെയിലും ഔറംഗബാദിലും വാഹനനിര്‍മാണ ഫാക്ടറികളുണ്ട്. ബജാജ് ചേതക്കിന്റെ നിര്‍മാണ ശാലയാണ് പൂനെയിലുള്ളത്.
രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 2024ല്‍ 1,55,454 വൈദ്യുത ഇരുചക്രവാഹനങ്ങള്‍ വിറ്റു. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാടും(1,14,762) കലണ്ടര്‍ വര്‍ഷത്തില്‍ ലക്ഷം വില്‍പന പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശ്(95,513), രാജസ്ഥാന്‍(76,821) എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി. 66,854 വൈദ്യുത സ്‌കൂട്ടറുകള്‍ വിറ്റാണ് കേരളം ആറാം സ്ഥാനം നേടിയിരിക്കുന്നത്. മധ്യപ്രദേശ്(65,814), ഗുജറാത്ത്(65,081), ഒഡീഷ(56,306), ഡല്‍ഹി(31,536), ആന്ധ്രപ്രദേശ്(48,761) എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളെ കേരളം മറികടന്നിട്ടുണ്ട്.
വൈദ്യുത കാര്‍ വില്‍പനയിലും മഹാരാഷ്ട്രയും കര്‍ണാടകയും തന്നെയാണ് കഴിഞ്ഞ വര്‍ഷം മുന്നിലെത്തിയത്. 15,044 വൈദ്യുത കാറുകളാണ് മഹാരാഷ്ട്രയില്‍ വിറ്റതെങ്കില്‍ കര്‍ണാടകയില്‍ 14,090 എണ്ണം വിറ്റു. 10,982 വൈദ്യുത കാറുകള്‍ വിറ്റാണ് കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. രാജ്യത്തെ തന്നെ പ്രധാന വൈദ്യുത വാഹന വിപണിയായി കേരളം മാറിയെന്നു തെളിയിക്കുന്നതാണ് ഈ വില്‍പനയുടെ കണക്കുകള്‍. കേരളത്തേക്കാള്‍ പലമടങ്ങ് ജനസംഖ്യയും വലിപ്പവുമുള്ള സംസ്ഥാനങ്ങളെ കവച്ചുവെക്കുന്ന പ്രകടനമാണ് കേരളം നടത്തിയിരിക്കുന്നത്.
വൈദ്യുത കാര്‍ വില്‍പനയില്‍ തമിഴ്‌നാട്(7,770), ഉത്തര്‍പ്രദേശ്(6,781), ഡല്‍ഹി(6,527), ഗുജറാത്ത്(6,266), രാജസ്ഥാന്‍(6,130), ആന്ധ്രപ്രദേശ്(4,079), ഹരിയാന(3,880) എന്നീ സംസ്ഥാനങ്ങളാണ് നാലു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
വൈദ്യുത ബാറ്ററികള്‍ക്കുള്ള നികുതി ഇളവും ബാസ്(ബാറ്ററി ആസ് എ സര്‍വീസ്) പോലുള്ള പ്രോഗ്രാമുകളും വൈദ്യുത കാറുകളേയും കൂടുതല്‍ ജനകീയമാക്കുമെന്ന് പ്രതീക്ഷിക്കാം.