ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നതായി സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞവര്‍ഷം രാജ്യത്തെ പരിശോധനാ റാങ്കിങ്ങില്‍ കേരളത്തിന് ഏഴാം സ്ഥാനം മാത്രം. അഞ്ചു വര്‍ഷത്തിനിടെ നാലരക്കോടിയോളം രൂപ പരിശോധനകള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്കുകള്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.
2020– 21ല്‍ ഭക്ഷ്യസുരക്ഷാ റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനമായിരുന്നു. 72 പോയിന്റ് നേടിയ ഗുജറാത്തിന് പിന്നില്‍ 70 പോയിന്റുമായായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തു നിന്ന കേരളം 2021 – 22ലെ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്കു കൂപ്പുകുത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തമിഴ്നാടിന് 82 പോയിന്റ് ഉള്ളപ്പോൾ കേരളത്തിന് 57 പോയിന്റ് മാത്രമേ നേടാനായുള്ളൂ. ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. എന്നാല്‍ കഴിഞ്ഞ ഒാഗസ്റ്റ് വരെ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് നാലു കോടി ഇരുപത്തിനാലു ലക്ഷം രൂപ പരിശോധനകള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
ഇപ്പോഴും 5 ജില്ലകളില്‍ മാത്രമാണ് പരിശോധനാ ലാബുകളുളളത്. 9 ജില്ലകളില്‍ കൂടി ലാബുകള്‍ സ്ഥാപിക്കാനുള്ള തീരുമാനവും കടലാസില്‍ത്തന്നെ. ഉള്ളവയ്ക്ക് എന്‍എബിഎല്‍ അക്രഡിറ്റേഷനില്ല. പിടിച്ചെടുക്കുന്ന സാംപിളുകള്‍ അക്രഡിറ്റേഷനുള്ള ലാബുകളില്‍ പരിശോധിച്ചാല്‍ മാത്രമേ കോടതികള്‍ അംഗീകരിക്കൂ. ലാബുകള്‍ നവീകരിച്ച്് അംഗീകാരം ഉറപ്പാക്കാനുള്ള നടപടികളും മന്ദഗതിയിലാണ്.