വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
വ്യാജ ജിഎസ്ടി രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച് മുൻ ബിഹാർ ധനമന്ത്രിയും പാർലമെന്റിന്റെ ഉപരിസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മെയ് 16 മുതൽ ജൂലൈ 9 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
സിബിഐസി 10,901.94 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയി്ടുണ്ട്. കൂടാതെ 470.04 കോടി രൂപയുടെ ഐടിസിയും [ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ] ഇക്കാലയളവിൽ കണ്ടെത്തി. വ്യാജമെന്ന് സംശയിക്കുന്ന 25,000-ലധികം ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളെ സിബിഐസി കണ്ടെത്തിയെങ്കിലും, അതിൽ 9,369 സ്ഥാപനങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. ഇതുവരെ, 5,775 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും 3,300-ഓളം സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു.
ദില്ലിയിൽ( 4,311) ഉത്തർപ്രദേശ് (3,262), ഹരിയാന ( 2,818), ഗുജറാത്ത് (2,569) എന്നിവിടങ്ങളിലാണ് രാജ്യത്തെ 60% വ്യാജ രജിസ്ട്രേഷനുകളും നടന്നത്. ദില്ലിയും ഉത്തർപ്രദേശുമാണ് വ്യജ രജിസ്ട്രേഷനിൽ മുൻപന്തിയിലുള്ളത്. 849 കേസുകളുമായി മഹാരാഷ്ട്രയും , 805 വ്യാജ സ്ഥാപനങ്ങളുമായി തമിഴ്‌നാടും പട്ടികയിലുണ്ട്. ഗുജറാത്തിൽ 657 രജിസ്ട്രേഷനുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ജിഎസ്ടി ചട്ടങ്ങൾ പാലിക്കാത്തത് തടയാനും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയുമാണ് സ്‌പെഷ്യൽ ഡ്രൈവ് കൊണ്ട് ലക്ഷ്യമിടുന്നത്. വ്യാജ രജിസ്ട്രേഷനുകളും, ജിഎസ്ടി വെട്ടിപ്പും കണ്ടെത്തുന്നതിലൂടെ, നികുതി പിരിവ് സംവിധാനം ശക്തിപ്പെടുത്താനും, സ്ഥാപനങ്ങൾ ജിഎസ്ടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് സർക്കാർ ലക്ഷ്യം