യൂറോപ്പിന്റെ റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമാകുമോ?

യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും വില കുത്തനെ കൂടുകയും ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്. ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ലഭിച്ചു  തുടങ്ങിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഇതോടെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉയർത്തി.

2021 നെ അപേക്ഷിച്ച് 2022 ആയപ്പോഴേക്കും ഇന്ത്യയുടെ എണ്ണ കയറ്റുമതിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയും, ചൈനയുമാണ് യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് അത് ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന വലിയ ‘എണ്ണ’ ഉൽപ്പാദകരായി മാറിയത്. റഷ്യയെ സഹായിക്കുക, ഡോളറിനെ തഴയുക, ശുദ്ധീകരിച്ച എണ്ണയുടെ വലിയ കയറ്റുമതിക്കാർ ആകുക എന്നിങ്ങനെ പല ലക്ഷ്യങ്ങൾ ഇന്ത്യ ഈ ഒരു കാര്യത്തിലൂടെ നേടുന്നുണ്ട്.

ഒറ്റ വാക്കിൽ പറഞ്ഞാൽ യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണ നിരോധിക്കുന്നതിന്റെ ഏറ്റവും നേട്ടം ലഭിക്കുക ഇന്ത്യക്കായിരിക്കും. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിൽ നിന്നുള്ള എണ്ണ പൂർണമായും യൂറോപ്പ് നിരോധിക്കുമെന്ന് കഴിഞ്ഞ ഒരു വർഷമായി വീമ്പിളക്കിയിരുന്നെങ്കിലും, ഇപ്പോൾ മാത്രമാണ് അത് പൂർണമായും നിരോധിക്കാൻ തീരുമാനമെടുത്തത്. ഇന്ത്യയിൽ നിന്നും പല യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി 2022 ആദ്യം മുതൽ കുത്തനെ കൂടിയത് ഇതോടു കൂട്ടിവായിച്ചാൽ പടം കൂടുതൽ വ്യക്തമാകും. 25 ശതമാനം മുതൽ 200 ശതമാനം വരെയാണ് ഇന്ത്യ ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയിരിക്കുന്നത്. എന്നാൽ 2022 ഏപ്രിൽ നവംബർ കാലഘട്ടത്തിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 52 ശതമാനമാണ് കൂടിയിരിക്കുന്നത്.

ഐഒസിഎൽ, റിലയൻസ്, എച്ച്പിസിൽ, ബിപിസിഎൽ, നായർ എനർജി, ഒഎൻജിസി എന്നീ വലിയ കമ്പനികളാണ് ഇന്ത്യയുടെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുന്നതിലെ ഭീമന്മാർ.

റഷ്യയിൽ നിന്നു വിലക്കുറവിൽ അസംസ്കൃത എണ്ണ വാങ്ങി ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന ‘ഓയിൽ റിഫൈനിംഗ്’ വ്യവസായം ഇന്ത്യയിൽ ഏറ്റവും പച്ചപിടിച്ചിരിക്കുന്ന കാലമാണ് ഇപ്പോൾ എന്ന് ചുരുക്കം. യുദ്ധം തുടങ്ങിയതിനു ശേഷം പല രാജ്യങ്ങളും ഡോളറിലുള്ള വ്യാപാരം കുറക്കണമെന്നും, തങ്ങളുടെ കറൻസികൾ ശക്തിപ്പെടുത്തണമെന്നുമുള്ള ആഗ്രഹത്തിലേക്കു വന്നതോടെ അതാത് കറൻസികൾക്കും പ്രാധാന്യം വന്നിരിക്കുകയാണ്. സെൻട്രൽ ബാങ്കുകൾ ഡിജിറ്റൽ കറൻസി (സി ബി ഡി സി) എന്ന രീതിയിലേക്ക് മാറുന്നതോടെ കയറ്റുമതി, ഇറക്കുമതി മേഖലയിലും ഡോളറിന്റെ പതുക്കെ ഒഴിവാക്കി തുടങ്ങാനാകും.ഇപ്പോൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ അസംസ്കൃത എണ്ണക്ക് ദിർഹത്തിലാണ് ഇന്ത്യ പണം കൊടുക്കുന്നതെങ്കിലും, ഭാവിയിൽ അത് രൂപയിലേക്കാക്കാനാകും എന്ന രീതിയിലാണ് ഇന്ത്യ മുന്നേറുന്നത്.

എണ്ണ ഉൽപ്പാദന രാജ്യമല്ലെങ്കിൽ കൂടി എണ്ണ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ നല്ലൊരു മേൽകൈ നേടുന്ന അവസ്ഥ 2023 ലും തുടരാനാണ് സാധ്യത. ഇന്ത്യക്കു അനുകൂലമായി ആഗോള എണ്ണ വിപണി എത്തിയതോടെ ലോക രാജ്യങ്ങളിൽ തന്നെ ഇന്ത്യക്ക് തലയെടുപ്പോടെ നിൽക്കാനുള്ള മറ്റൊരു കാരണം കൂടിയായി.

Leave a Reply

Your email address will not be published. Required fields are marked *