യൂട്യൂബ് ചാനലുകള്‍ വഴിയുള്ള അനധികൃത ഓഹരി നിക്ഷേപ ഉപദേശങ്ങള്‍ക്കെതിരെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപടി തുടങ്ങി.
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ യൂട്യൂബ് ചാനലുകളില്‍ അപ് ലോഡ് ചെയത് നേടിയ 41.85 കോടി രൂപ സെബി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിച്ച് ചാനലുകളിലൂടെ ഉപദേശം നല്‍കിയ വ്യക്തികള്‍ ഉള്‍പ്പടെ 31 സ്ഥാപനങ്ങള്‍ക്കെതിരെയാണ് സെബി നടപടിയെടുത്തത്. ഇതുസംബന്ധിച്ച് രണ്ട് ഇടക്കാല ഉത്തരവുകളും സെബി പുറപ്പെടുവിച്ചു.നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ ഇടപെടുന്നതിന് ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെബി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഓഹരികള്‍ വാങ്ങനോ വില്‍ക്കാനോ കഴിയില്ല.
തെറ്റായ വിവരങ്ങളും അവകാശ വാദങ്ങളും നല്‍കി ഓഹരികള്‍ പ്രോമോട്ടുചെയ്യുകയും അതില്‍നിന്ന് ഇത്തരം ചാനലുകള്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കുകയും ചെയ്തതായി സെബി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ ചാനലുകള്‍ കണ്ടെത്തി നടപടിക്കൊരുങ്ങുകയാണ് മാര്‍ക്കറ്റ്റെഗുലേറ്റർ.