യുപിഐ വിപണിയിൽ ഏർപ്പെടുത്താനിരുന്ന നിയന്ത്രണം 2 വർഷത്തേക്ക് നീട്ടി

യുപിഐ വിപണിയിൽ ഏർപ്പെടുത്താനിരുന്ന നിയന്ത്രണം 2 വർഷത്തേക്ക് നീട്ടിയതോടെ ഫോൺപേ, ഗൂഗിൾ പേ കമ്പനികൾക്ക് ആശ്വാസം. ഈ രണ്ട് ആപ്പുകൾക്കും പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിലും പണമിടപാടുകൾ യഥേഷ്ടം നടത്തുന്നതിനും 2 വർഷത്തേക്ക് തടസ്സമുണ്ടാകില്ല. പേയ്ടിഎം, ആമസോൺ പേ അടക്കമുള്ള മറ്റ് യുപിഐ ആപ്പുകളെ വിപണി നിയന്ത്രണം ബാധിക്കില്ല.

ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം പോലെയുള്ള സ്വകാര്യ കമ്പനികളാണ് യുപിഐ ആപ്പുകളിലെ പ്രധാനികൾ. 2020ലാണ് ഇതിൽ വിപണി നിയന്ത്രണം വേണമെന്ന് എൻപിസിഐ തീരുമാനിച്ചത്. ഒരു കമ്പനിയും വിപണിയിൽ ആധിപത്യം സ്ഥാപിക്കരുത് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടപാടുകളുടെ മൊത്തം എണ്ണത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ ഒരു കമ്പനി കൈവശം വയ്ക്കാൻ പാടില്ലെന്നായിരുന്നു തീരുമാനം. തൊട്ടു മുൻപത്തെ 3 മാസത്തെ ഇടപാടുകളുടെ എണ്ണമാണ് ഇതിന് പരിഗണിക്കുക. ഇതു നടപ്പാക്കാൻ നിശ്ചിത സമയവും നൽകി. പല തവണ സമയം നീട്ടിനൽകി. എൻപിസിഐ ചട്ടമനുസരിച്ച് 25% കടന്നാൽ ആ കമ്പനിക്ക് ആദ്യ മുന്നറിയിപ്പ് നൽകും. 27 ശതമാനത്തിൽ രണ്ടാമത്തെ അറിയിപ്പ്. 30% കടന്നാൽ പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിന് വിലക്ക് വരും.

നിലവിലുള്ള 96% യുപിഐ ഇടപാടുകളും ഫോൺപേ, ഗൂഗിൾ പേ, പേയ്ടിഎം എന്നീ 3 ആപ്പുകൾ വഴിയാണ്. ഇതിൽ 47% ഫോൺപേ വഴിയാണ്  34% ഗൂഗിൾ പേ വഴിയും. പേയ്ടിഎം ആപ്പിന് 15 ശതമാനമേയുള്ളൂ. വാട്സാപ് പേ, ആമസോൺ പേ പോലെയുള്ള കമ്പനികൾക്ക് വളരെ ചെറിയ വിപണി വിഹിതമേയുള്ളൂ. ചട്ടം നടപ്പാക്കിയാൽ ഫോൺപേയും ഗൂഗിൾ പേയും 30 ശതമാനത്തിലേക്ക് ചുരുങ്ങേണ്ടിവരും. ഇതിനായി പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യേണ്ടി വരും.ഇതിനെതിരെ ഇരു കമ്പനികളും പല തവണ എൻപിസിഐയെ സമീപിച്ചിരുന്നു. വിപണി നിയന്ത്രണം ഏർപ്പെടുത്തണമെന്നായിരുന്നു പേയ്ടിഎമ്മിന്റെ അഭിപ്രായം. കാരണം 15 ശതമാനമുള്ള പേയ്ടിഎമ്മിന് ഇത് കൂടുതൽ ഉപയോക്താക്കളെ ലഭിക്കാൻ ഇടയാക്കും.വിപണി നിയന്ത്രണത്തിനെതിരെ ഫോൺപേ പരസ്യമായി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *