രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി ഉയർന്നു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ഇടപാടുകളുടെ മൂല്യവും കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് ജൂണിലെ 14.75 ലക്ഷം കോടിയിൽ നിന്നും 4 ശതമാനം ഉയർന്ന് 15.34 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇടപാടുകൾ 58 ശതമാനം വർധിക്കുകയും ഇടപാട് മൂല്യം 44 ശതമാനം വർധിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഓരോ മൂന്ന് ദിവസത്തിലും ഏകദേശം 100 കോടി യുപിഐ പേയ്‌മെന്റുകൾ നടക്കുന്നുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി ഇടപാടുകൾ കൈകാര്യം ചെയ്യാൻ കോർപ്പറേഷൻ ഒരുങ്ങുകയാണെന്ന് എൻപിസിഐ മേധാവി ദിലീപ് അസ്ബെ പറഞ്ഞിരുന്നു. വരും മാസങ്ങളിൽ ഉത്സവ സീസൺ തുടങ്ങുന്നത് കാരണം യുപിഐ പേയ്‌മെന്റുകൾ കുത്തനെ ഉയർന്നേക്കും. ജൂലൈയിൽ, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (IMPS) ഇടപാടുകൾ 468.1 ദശലക്ഷത്തിൽ നിന്ന് 5 ശതമാനം വർധിച്ച് 490 ദശലക്ഷമായിട്ടുണ്ട്.
വിവിധ മേഖലകളിൽ നികുതി പിരിവ് ഉൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്റിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് ഈ വർദ്ധനവ്. 2016 ലാണ് യു പി ഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യു പി ഐ മാറിയിട്ടുണ്ട്.