യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ 13,492.79 കോടിയുടെ കുറവുണ്ടായെന്നു ധവളപത്രം കുറ്റപ്പെടുത്തി. 

കടമെടുത്തു നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഭാവിയിൽ കടം വീട്ടാനുള്ള വരുമാനം നൽകേണ്ടതുണ്ട്. എന്നാൽ പിണറായി സർക്കാരിന്റെ കടമെടുക്കലുകൾ അപകടകരമായ സ്ഥിതിയിൽ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നു. കടമെടുത്ത തുകയിൽ ഏറിയ പങ്കും നിത്യനിദാനച്ചെലവുകൾക്കാണ് ഉപയോഗിച്ചത്. മൊത്തം ചെലവ് വർധിക്കുന്നതിൽ പദ്ധതിച്ചെലവല്ല, പദ്ധതിയേതരച്ചെലവാണു വർധിക്കുന്നത്. ഈ വർഷവും പദ്ധതിച്ചെലവ് താഴേക്കു പോകാനുള്ള സാധ്യതയാണു കാണുന്നത്.

ബാക്കിയുള്ളത് 3,419.75 കോടി രൂപ മാത്രം. ഈ തുക കൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി നടപ്പാക്കുകയെന്നു ധവളപത്രം ചോദിക്കുന്നു. അപകടകരമായ വിധം കടം കുമിഞ്ഞു കൂടുകയാണെന്നും മണ്ഡലത്തിൽ ഒരു പദ്ധതിയും നടക്കുന്നില്ലെന്നു ഭരണകക്ഷി എംഎൽഎമാർ പോലും പരാതി പറയുകയാണെന്നും കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു. 

ധവളപത്രത്തിൽ നിന്ന്:

∙ കേരളത്തിലെ മൊത്തം റവന്യു കമ്മിയും റവന്യു കമ്മി–ജിഎസ്ഡിപി ആനുപാതവും വർധിച്ചു. 

∙ ധനക്കമ്മിയും ധനക്കമ്മി–ജിഎസ്ഡിപി ആനുപാതവും ഉയർന്നു. 

∙ 2021–22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനതു വരുമാനം 58,867 കോടിയായി കുറഞ്ഞു. ആ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് 71,833 കോടിയായിരുന്നു. 12,966 കോടി രൂപയുടെ കുറവ്. 

∙ നികുതിയിതര വരുമാനത്തിലും കുറവുണ്ടായി. 21–22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 10,038 കോടിയാണു നികുതിയിതര വരുമാനം. 

ബജറ്റ് എസ്റ്റിമേറ്റി(14,335 കോടി)നെ അപേക്ഷിച്ച് 4,297 കോടി രൂപയുടെ കുറവ്. 

∙ ജിഎസ്ടി വന്നപ്പോൾ നടപ്പാക്കേണ്ട പല സാമ്പത്തിക പരിഷ്കാരങ്ങളും സർക്കാർ നടപ്പാക്കിയില്ല. 

∙ നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാൻ അഞ്ചുവർഷം വൈകി. 

∙ സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ ഇല്ലാതാക്കിയപ്പോൾ പകരം ഓട്ടമാറ്റിക് ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും കൃത്യമായി പ്രവർത്തിപ്പിച്ചില്ല. 

∙ നികുതി അടയ്ക്കാത്തവരെ കണ്ടെത്തുകയോ ഓഡിറ്റ് സംവിധാനം ഫലപ്രദമാക്കുകയോ ചെയ്തില്ല. 

∙ നികുതി കുടിശിക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചെങ്കിലും പരാജയപ്പെട്ടു. 

∙ സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ചു നികുതി പിരിവ് ഊർജിതമാക്കണം

∙ വാറ്റ്, കെജിഎസ്ടി, സിഎസ്ടി, ആഡംബര നികുതി എന്നിവയുടെ കുടിശിക പിരിച്ചെടുത്താൽ കുറഞ്ഞതു 4,000 കോടി കിട്ടും. ഇതിനു പ്രത്യേക ജിഎസ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

∙ ആംനെസ്റ്റി സ്കീം പരാജയപ്പെട്ടതിന്റെ കാരണങ്ങൾ മനസ്സിലാക്കി പുതിയ സംവിധാനം ഏർപ്പെടുത്തണം

∙ യഥാസമയം റിട്ടേണുകൾ സമർപ്പിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം

∙ കുറച്ചു നാളത്തേക്കു ചെലവേറിയ ആഘോഷങ്ങളും ആർഭാട പരിപാടികളും ഉപേക്ഷിക്കണം

∙ കിഫ്ബിയിൽ സിഎജി നിർദേശിച്ച ഓഡിറ്റ് നടപ്പാക്കണം

Leave a Reply

Your email address will not be published. Required fields are marked *