ഭാവിയിലെ നേട്ടം ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നിരുന്നാലും മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലം എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പുള്ളതല്ലെങ്കിലും 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം.
ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്താണ് മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്. ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കണമെങ്കില്‍ ദീര്‍ഘകാലയളവില്‍ എസ്.ഐ.പിയായി നിക്ഷേപിക്കുകയുംവേണം. തകര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോഴാണ് ഭാവിയില്‍ മികച്ച ആദായം ലഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്.40ലേറെ എഎംസികളുടേതായി 2,500ലേറെ മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ കാലത്തെ പ്രകടനം മാത്രം വിലയിരുത്തി ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കരുത്. ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായത് കണ്ടെത്തുകയെന്നതാണ് പ്രധാനം. ഉദാഹരണത്തിന് രണ്ടുവര്‍ഷക്കാലയളവിലെ നിക്ഷേപത്തിന് ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ യോജിച്ചതല്ല. അതേസമയം, അഞ്ചോ അതിലധികമോ വര്‍ഷത്തേയ്ക്കാണ് നിക്ഷേപമെങ്കില്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.
കാറ്റഗറി ശരാശരിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഫണ്ടിന്റെ റാങ്ക്, ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോഡ് എന്നിവയും പരിഗണിച്ചുവേണം മ്യൂച്വല്‍ ഫണ്ട് സ്കീം തിരഞ്ഞെടുക്കാന്‍. നിലവില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകളുടെ പ്രകടനം പിന്നീട് വിലയിരുത്തുന്നതിന് സ്റ്റാര്‍ റേറ്റിങ് പരിഗണിക്കാം.
ദീര്‍ഘകാലയളവില്‍ സമ്പത്തുണ്ടാക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് അനുയോജ്യം. ഇക്വിറ്റി ഫണ്ടുകളില്‍തന്നെ റിസ്ക് അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. 65 ശതമാനം തുക ഇക്വിറ്റിയിലും ബാക്കി ഡെറ്റിലും നിക്ഷേപിക്കുന്ന അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളാണ് താരതമ്യന റിസ്ക് കുറഞ്ഞവ. സ്മോള്‍ ക്യാപ്, സെക്ടര്‍ ഫണ്ടുകള്‍ എന്നിവ ഹൈ റിസ്ക് വിഭാഗത്തിലുള്ളവയാണ്.
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മറ്റ് വിഭാഗങ്ങളില്‍ വകയിരുത്തിയശേഷം പത്തുവര്ഷമോ അതില്‍ കൂടുതലോ കാലം എസ്ഐപിയായി നിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ മാത്രം സ്മോള്‍ ക്യാപ് പരിഗണിക്കാം. സാമ്പത്തിക ലക്ഷ്യം, റിസ്കെടുക്കാനുള്ള കഴിവ്, വൈവിധ്യവത്കരണം എന്നിവ കണക്കിലെടുത്തശേഷംമാത്രം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. നിക്ഷേപം നടത്തിയ ഫണ്ടുകളുടെ പ്രകടനം കാലാകാലങ്ങളില്‍ വിലയിരുത്തിയശേഷം ഉചിതമായ തീരുമാനമെടുത്ത് മുന്നോട്ടുപോകുക……