കേന്ദ്ര സർകാരിന്റെ ഉടമസ്ഥതയിൽ സ്വയംഭരണ അധികാരമുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ ആണ് മ്യൂച്വൽ ഫണ്ടുകൾ. ഇവ ഇന്ത്യൻ ട്രസ്റ്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നു. ഈ ഫണ്ടുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിക്ഷേപിക്കാം. നിക്ഷേപിക്കപ്പെടുന്ന തുക സെബി നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രധാനമായും ഓഹരി/കടപ്പത്രങ്ങൾ/ വിപണിയിലെ മറ്റ് നിക്ഷേപ മാർഗങ്ങൾ എന്നിവയിൽ വിന്യസിച്ചു നിക്ഷേപകർക്ക് പരമാവധി നേട്ടം ഉണ്ടാക്കാനായി ഈ ഫണ്ടുകൾ പ്രവർത്തിക്കുന്നു.
വിവിധ സ്കീമുകൾ വഴിയാണ് ഈ പ്രവർത്തനം. വ്യക്തികൾക്കു വളരെ ചെറിയ തുകകൾ മുടക്കി ഈ ഫണ്ടുകൾ നടത്തുന്ന സ്കീമുകളിൽ ചേരാം. ഫണ്ടുകളിലെ നിക്ഷേപം വിന്യസിക്കുന്നതു വിപണിയെക്കുറിച്ചു നമ്മളെക്കാൾ ധാരണയും അറിവും പരിചയവും ഉള്ള വ്യക്തികളായിരിക്കും. കിട്ടുന്ന ലാഭത്തിന്റെ വിഹിതം, അവരുടെ ശമ്പളം, ബോണസ്, മറ്റ് ചെലവുകൾ എന്നിവ കിഴിച്ചിട്ട് നിക്ഷേപകർക്ക് ആനുപാതികമായി കിട്ടും. ഈ മുഴുവൻ പ്രക്രിയയ്ക്കും സുതാര്യത വരുത്താൻ സെബി നിയമാവലി ഇറക്കിയിട്ടുണ്ട്.
ഓർക്കേണ്ടത്, വിപണിയിലെ നിക്ഷേപം ബാങ്ക് ഡെപ്പോസിറ്റ് പോലെയല്ല. മുതലിനോ ലാഭത്തിനോ ഒരു ഗാരന്റിയും ഇല്ല. ദൈനംദിനാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് അവരുടെ മുതൽ മുടക്കിന്റെ മൂല്യം ‘നെറ്റ് അസറ്റ് വാല്യു’ വഴി ഫണ്ടുകളുടെ സൈറ്റിൽ ലഭ്യമാണ്. നിക്ഷേപകരുടെ പങ്കാളിത്തം യൂണിറ്റുകളായി കണക്കാക്കപ്പെടുന്നു.
സംഭരിക്കുന്ന മുഴുവൻ തുകയും ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളും, കടപ്പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളും രണ്ടിലും കാശ് വിന്യസിക്കുന്ന ഹൈബ്രിഡ് ഫണ്ടുകളും ഉണ്ട്.
സാധാരണയായി ഏറ്റവും കൂടുതൽ ലാഭം ആദ്യം പറഞ്ഞ, ഓഹരികളിൽ മാത്രം നിക്ഷേപം നടത്തുന്ന ഇക്വിറ്റി പദ്ധതികളാണ് നൽകാറെങ്കിലും ‘റിസ്ക്കും’ കൂടുതലാണ് ഇവിടെ. ഇന്ന് എല്ലാ ഫണ്ട് കമ്പനികൾക്കും ഈ പറഞ്ഞവയടക്കം വിവിധതരം സ്കീമുകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, നമ്മൾ റിട്ടയർ ചെയ്യുമ്പോൾ കരുതേണ്ട മുതൽക്കൂട്ട് എന്നിവയൊക്കെ ഉദ്ദേശമനുസരിച്ചുള്ള സ്കീമുകൾ വരെ ലഭ്യമാണ്.
ഏതു ഫണ്ട് തിരഞ്ഞെടുക്കണം എന്ന് നമുക്ക് സ്വയം ഫണ്ടുകളുടെ വെബ്സൈറ്റുകൾ പരതിയും വായിച്ചും തീരുമാനിക്കാം. അല്ലെങ്കിൽ സെബി റജിസ്ട്രേഷനോടുകൂടി പ്രവർത്തിക്കുന്ന ഏജന്റുമാർ നമ്മെ സഹായിക്കാനുണ്ടാവും, ഫണ്ടുകളുടെ പ്രതിനിധികളായി.
ദീർഘകാലാടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചാൽ, ലാഭം നേടാനുള്ള സമയവും ക്ഷമയും കൈമുതലായുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ നല്ല ലാഭം നിക്ഷേപകർക്കു നൽകിയിട്ടുണ്ട്. ഇടയ്ക്ക് നഷ്ടം വരുത്തിയ കമ്പനികളും ഇല്ലാതില്ല. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയുടെ പ്രതിഫലനമാണ് ഫണ്ടുകളുടെ ഫലങ്ങളിൽ കാണുക. അതുകൊണ്ട് ഇനിയുള്ള 10/25 വർഷത്തേക്ക് ഇന്ത്യ പ്രതീക്ഷയ്ക്കൊത്തു വളർന്നാൽ ഈ ഫണ്ടുകളും നിക്ഷേപകർക്ക് ലാഭം നൽകും എന്നു കരുതാം.
ഇപ്പോൾ ജോലി കിട്ടി സമ്പാദ്യം തുടങ്ങുന്നവർക്കും 40/45 വയസ്സിനകം ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നവർക്കും 10/15/20 വർഷത്തെ കാലയളവിൽ സാമാന്യം നല്ല റിസ്ക്/ നേട്ടം നൽകാൻ ഉതകുന്നവയാകാം വിവിധ ഫണ്ട് പദ്ധതികൾ. പക്ഷെ ഇതുവരെയുള്ള പ്രകടനം ഭാവിയിലും ഉണ്ടാവണമെന്നില്ല. അതുകൊണ്ട് സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം ഇത്തരം ഫണ്ടുകളിലേക്കു മാറ്റിവയ്ക്കുകയാണ് സാധാരണ നിക്ഷേപകർ ചെയ്യാറ്. ഇത് പ്രതിമാസമോ ഇടയ്ക്കിടെയോ ഒറ്റയടിക്കോ ചെയ്യാമെന്നുള്ളതുകൊണ്ട് പദ്ധതികൾക്ക് പ്രിയമേറുന്നു