മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്. 2022 മെയ് മാസത്തിൽ ഒപ്പുവച്ച പുനരാലോചനാ ഓഹരി വാങ്ങൽ കരാറിനെത്തുടർന്നാണ് (എസ്പിഎ) ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് തുറമുഖ വിൽപ്പന നടത്തുന്നത്.
2021 ഒക്ടോബർ മുതൽ റിസ്ക് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി അദാനി പോർട്ട്സിന്റെ ബോർഡിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായാണ് വിൽപ്പന എന്ന് അദാനി പോർട്ട്സ് സിഇഒ കരൺ അദാനി പറഞ്ഞു. പ്രഖ്യാപനത്തെത്തുടർന്ന്, ഇന്ന് ബിഎസ്ഇയിൽ അദാനി പോർട്ട്സിന്റെ ഓഹരി 1.18 ശതമാനം ഉയർന്ന് 677.75 രൂപയായി.
ഇസ്രായേലിന്റെ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തിൽ കഴിഞ്ഞ വര്ഷം ജൂലൈയിലാണ് അദാനി പോർട്സ് വിജയിച്ചത്. 1.18 ബില്യൺ ഡോളറിനാണ് അദാനി പോർട്സ് ലേലം സ്വന്തമാക്കിയത്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) ഒരു കൺസോർഷ്യവും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നാണ് ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ നേടിയത്. ടെൻഡർ കാലയളവ് 2054 വരെ ആയിരിക്കും. 2020 ജനുവരി മുതൽ ഇസ്രായേൽ ഗവൺമെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളുള്ള ലോജിസ്റ്റിക്സ് കമ്പനിയാണ് അദാനി പോർട്സ്. ഗുജറാത്ത്, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലായി 11 ആഭ്യന്തര തുറമുഖങ്ങൾ ഇതിലുൾപ്പെടും.