മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പ്

മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് വിശദമാക്കിയിട്ടുള്ളത്.

ഉപഭോക്താക്കളുടെ ഉപകരണത്തില്‍ കടന്നുകയറാന്‍ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ ഫയര്‍ഫോക്സിലുണ്ടെന്ന് സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ്. ഫയര്‍ഫോക്സ് ഇഎസ്ആര്‍ വേര്‍ഷനുകള്‍, ഫയര്‍ഫോക്സ് ഐഒഎസ് വേര്‍ഷനുകള്‍, മോസില്ല തണ്ടര്‍ബേര്‍ഡ് വേര്‍ഷന്‍ എന്നീ പതിപ്പുകളിലാണ് പ്രശ്‌നങ്ങളുള്ളത്.

മുന്നറിയിപ്പിന് പിന്നാലെ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള മാര്‍ഗവും സിഇആര്‍ടി-ഇന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഫയര്‍ഫോക്സ് അപ്ഡേറ്റ് ചെയ്യുകയാണ് പ്രധാനമായും വേണ്ടത്. ഫയര്‍ഫോക്സ് ആപ്പില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഏജന്‍സി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ സുരക്ഷപ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്‍ഡ്രോയ്ഡ് 11, 12,12L, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷാപ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. സിഇആര്‍ടി-ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഞ്ചോളം ആന്‍ഡ്രോയ്ഡ് ഒ.എസ് പതിപ്പുകള്‍ ഉണ്ട്. അതിനാല്‍ നിരവധി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളെ സുരക്ഷാ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ കുറ്റവാളികള്‍ക്ക് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രണം ഏറ്റെടുക്കാനാകും. ഇതിനു പിന്നാലെ സ്മാര്‍ട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും പോലും തട്ടിയെടുക്കാനാകുമെന്നും സിഇആര്‍ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *