മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ (യുണീക് ഐഡി) വരുന്നു. ഈ വർഷം അവസാനത്തോടെ ഇതു നിലവിൽ വന്നേക്കും.
ഒരാൾക്ക് പല ഫോൺ നമ്പറുകളുണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേയുണ്ടാകൂ. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ ഐഡിക്കു സമാനമായിരിക്കും ഇതും.
സൈബർ തട്ടിപ്പുകൾ തടയുകയാണു പ്രധാനലക്ഷ്യം. ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ തിരിച്ചറിയൽ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്താം. ഒരാളുടെ പേരിലുള്ള വിവിധ സിം കാർഡുകൾ, വാങ്ങിയ സ്ഥലം, ഉപയോഗിക്കുന്ന സ്ഥലം എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനുമാകും. കുടുംബാംഗത്തിന് ഉപയോഗിക്കാനാണ് സിം എങ്കിൽ അക്കാര്യവും അറിയിക്കേണ്ടിവരും.6-9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ഈ പരിധിയിൽ കൂടുതലുള്ള സിം സറണ്ടർ ചെയ്യണം. ഒരാൾക്ക് അനുവദനീയമായതിലേറെ സിം ഉണ്ടെന്നു ബോധ്യപ്പെട്ടാൽ എല്ലാ കണക‍്ഷനുകൾക്കും റീ–വെരിഫിക്കേഷനുണ്ടാകും. സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്കു നൽകുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ‘അസ്ത്ര്’ ഉപയോഗിച്ചു പരിശോധിക്കും. 64 ലക്ഷം സിം കാർഡുകൾ ‘അസ്ത്ര്’ വഴി റദ്ദാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ എടുക്കുന്ന സിം കാർഡ് ഡീലർമാർക്കു മാത്രമേ വിൽപന നടത്താനാവൂ എന്ന ചട്ടം അടുത്തമാസം ഒന്നിനു പ്രാബല്യത്തിൽ വരും.