മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ചട്ടങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഭേദഗതി വരുത്തും. കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.
സിം കാർഡ് മാറിയെടുക്കുകയോ പുതുക്കുയോ ചെയ്ത ശേഷം 10 ദിവസത്തിനിടയിൽ നമ്പർ പോർട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിക്കില്ല. തട്ടിപ്പുവഴി സിം കാർഡിന്റെ നിയന്ത്രണം മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണിത്. പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകുന്നവരുടെ തിരിച്ചറിയൽ വിവരങ്ങൾ ടെലികോം കമ്പനികൾ പരസ്പരം കൈമാറണം. പോർട്ട് ചെയ്യാനെത്തിയ വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങളുമായി ഇതു ഒത്തുപോകുന്നുണ്ടെങ്കിൽ മാത്രമേ പോർട്ടിങ് നടപടി പൂർത്തിയാക്കാവൂ.
നമ്പർ മാറാതെ തന്നെ ഒരു ടെലികോം കണക്‌ഷൻ മാറാൻ സഹായിക്കുന്ന സംവിധാനമാണ് പോർട്ടബിലിറ്റി. ഇതിനായി പ്രത്യേക നമ്പറിലേക്ക് ഉപയോക്താവ് മെസേജ് അയച്ച് അപേക്ഷിക്കണം. പലപ്പോഴും സൈബർ തട്ടിപ്പുകാർ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പോർട്ടിങ് അപേക്ഷ നൽകാൻ നിർദേശിക്കാറുണ്ട്. ഇതുവഴി മൊബൈൽ കണക്‌ഷന്റെ നിയന്ത്രണം തട്ടിപ്പുകാർ സ്വന്തമാക്കുന്ന സംഭവങ്ങളുണ്ട്.