മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് തുടർച്ചയായ ഏഴാം മാസമാണ് നിരക്ക് നെഗറ്റീവാകുന്നത്. –0.52 ശതമാനമാണ് ഒക്ടോബറിലെ വിലക്കയറ്റത്തോത്.
സെപ്റ്റംബറിൽ ഇത് –0.26 ശതമാനമായിരുന്നു.
സ്റ്റീൽ ഉൽപന്നങ്ങൾ, ഭക്ഷ്യഎണ്ണകൾ, രാസവസ്തുക്കൾ, വൈദ്യുതി, തുണിത്തരങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, പേപ്പർ ഉൽപന്നങ്ങൾ എന്നിവയുടെ വില സൂചികയിലാണ് നേരിയ കുറവുണ്ടായത്. അതേസമയം ഉള്ളിവില വലിയതോതിൽ ഉയർന്നതിനാൽ ഭക്ഷ്യോൽപന്നങ്ങളുടെ മൊത്തവില സൂചികയിൽ കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 23.5% വർധനയുണ്ടായി. പച്ചക്കറികളുടെ ആകെ വിലയിലും 4.2% വർധനയാണു രേഖപ്പെടുത്തിയത്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുട്ട, മാംസം, മത്സ്യം തുടങ്ങിയ ഭക്ഷ്യോൽപന്ന വിലയിലും നേരിയ വർധനയുണ്ട്. മൊത്തവിലക്കയറ്റത്തോത് നെഗറ്റീവ് പരിധിയിൽ തുടരുന്നത് വരും മാസങ്ങളിൽ അവസാനിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 8.67% വരെ എത്തിയ മൊത്തവില സൂചികയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ നെഗറ്റീവ് പരിധിയിൽ തുടരുന്നത്.