ഓഹരിവില കയറി കയറി കഴിഞ്ഞ വർഷം ഏപ്രിലിൽ 347 ഡോളർ വരെ എത്തിയിരുന്നതാണ്. ആപ്പിളും ഗൂഗിളും പ്രൈവസി പോളിസി കർശനമാക്കിയതോടെ വിലയിടിയാൻ തുടങ്ങി. ഇക്കൊല്ലം മാർച്ചിൽ വില 233 ഡോളറിലെത്തി. വീണ്ടും താഴ്ന്ന് ഇപ്പോൾ 136 ഡോളറിലാണ് മെറ്റ ഓഹരിയുടെ നിൽപ്പ്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നാൽ അർത്ഥം ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റ പ്ലാറ്റ്ഫോമിന് ഡേറ്റയുടെ ലഭ്യത കുറയുന്നുവെന്നാണ്. ഡേറ്റ ട്രാക്ക് ചെയ്യാൻ ഉപയോക്താവ് അനുവദിച്ചാൽ മാത്രമേ ഇനി സാധിക്കൂ.ഡേറ്റയ്ക്കനുസരണമായി മാത്രമേ പരസ്യവും ലഭിക്കുകയുള്ളൂ. ഇതിനുപുറമേയാണ് പാശ്ചാത്യലോകത്ത് സാമ്പത്തികമാന്ദ്യം വരുന്നെന്ന മുന്നറിയിപ്പ്. അതോടെ കമ്പനികളെല്ലാം ചെലവ് ചുരുക്കാനും പരസ്യ ചെലവ് കുറയ്ക്കാനും തുടങ്ങി. മെറ്റയിലെ പരസ്യങ്ങളും കുറഞ്ഞു. ഇക്കൊല്ലം ആറുമാസംകൊണ്ട് മെറ്റയുടെ വരുമാനത്തിലെ ഇടിവ് 500 കോടി ഡോളറാണ് (40,000 കോടിരൂപ).
എന്നുവെച്ച് മെറ്റ കമ്പനി തകരുമെന്ന് ആരും കരുതുന്നുമില്ല. ഓഹരി വിശകലന വിദഗ്ധർ കരുതുന്നത് ഇക്കൊല്ലം വില 200 ഡോളർ കടക്കുമെന്ന് തന്നെയാണ്.