ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വിഷുദിന തലേന്ന് അണിയറക്കാര്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ഇതിന്‍റെ ഭാഗമായി മെറ്റലില്‍ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് വാലിബന്‍ ടീം.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റല്‍ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയില്‍ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാര്‍ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം.
ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വലിബന്റെ അണിയറപ്രവർത്തകർ. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി എസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ ആണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ഒരു ലിജോ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുകയാണ്.