മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാകും- ഡോ. ആസാദ് മൂപ്പൻ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസം (എം.വി.ടി) വിപണിയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ഉച്ചകോടിയുടെ ഏഴാം പതിപ്പിൽ മെഡിക്കൽ വാല്യൂ ടൂറിസവുമായി ബന്ധപ്പെട്ട സെഷനിൽ ആണ് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കിയത്.

മെഡിക്കൽ രംഗത്തെ മികവിനൊപ്പം സാങ്കേതികവിദ്യ, സഹകരണം എന്നിവ കൂടി സംയോജിക്കുന്നിടത്താണ് ആരോഗ്യ മേഖലയുടെ ഭാവി. ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ പൂർണമായും മാറിയിട്ടുണ്ട്. ഏറ്റവും ആധുനികമായ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക വൈദ്യചികിത്സ ലഭ്യമാക്കുന്നതിനൊപ്പം സമഗ്രമായ പരിചരണം നൽകുന്നതിലും പൂർണ ശ്രദ്ധ നൽകുന്നു. രാജ്യത്തെ 42 ആശുപത്രികൾക്ക് അന്തർദേശീയ അംഗീകാരമായ ജോയിന്റ് കമ്മീഷണർ ഓഫ് ഇന്റർനാഷണലിന്റെയും (ജെ.സി.ഐ) 1000 ലധികം ആശുപത്രികൾക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആന്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെയും (എൻ.എ.ബി.എച്ച്) അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങളാണ് ആരോഗ്യ ടൂറിസം മേഖലയിലെ വളർച്ചക്ക് രാജ്യത്തെ പ്രാപ്തമാക്കിയത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ കീഴിലുള്ള കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റർ മിംസ്, ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ എന്നിവ വിദേശത്ത് നിന്നുള്ള രോഗികളെ ആകർഷിക്കുന്ന രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ആശുപത്രികളിൽ ചിലതാണ്.

പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ തുടങ്ങിയ സാർക്ക് രാജ്യങ്ങളിൽ നിന്ന് 80 കോടിയിലധികം വരുമാനമാണ് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ ഭൂമി, ഒരേ ആരോഗ്യം എന്നതായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് (ഫിക്കി) സംയുക്തമായി ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ മുദ്രാവാക്യം. ജി 20 യുടെ ഭാഗമായി നടക്കുന്ന നാലാമത് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പും ആരോഗ്യമന്ത്രിമാരുടെ യോഗവും ഉച്ചകോടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *