മൂന്നു മലയാള ചിത്രങ്ങൾ ചേർന്നു 12 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയതു 100 കോടിയോളം രൂപയുടെ വരുമാനമാണ്.
രാഹുൽ സദാശിവൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 6 ദിവസം കൊണ്ട് ആഗോള തലത്തിൽ 37 കോടി രൂപ നേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. എ.ഡി.ഗിരീഷ് സംവിധാനം ചെയ്ത യുവതാര ചിത്രം ‘പ്രേമലു’ ഇതിനകം നേടിയത് 50 കോടി രൂപയിലേറെ. ടോവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 13 കോടി രൂപയാണു നേടിയത്. ഡാർവിൻ കുര്യാക്കോസാണു ചിത്രമൊരുക്കിയത്.
ഭ്രമയുഗവും പ്രേമലുവും തിയറ്ററുകളിൽ വൻ ഹിറ്റുകളായി മാറുന്ന സമയത്താണു പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനുള്ള ഫിയോക് തീരുമാനമെന്നത് സിനിമ വ്യവസായരംഗത്തുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്.