ഹരിയാനയിലെ ഖര്‍ഖോഡയില്‍ മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന പുതിയ നിര്‍മാണ കേന്ദ്രത്തിനായി 7,410 കോടി രൂപയാണ് നിക്ഷേപിക്കുക. 2029 ആവുമ്പോഴേക്കും ഖാര്‍ഖോഡ കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7.50 ലക്ഷം കാറുകള്‍ നിര്‍മിക്കുകയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മാരുതി സുസുക്കിയുടെ ഖാര്‍ഖോഡ പ്ലാന്റില്‍ നിലവില്‍ 2.50 ലക്ഷം കാറുകളാണ് പ്രതിവര്‍ഷം പുറത്തിറങ്ങുന്നത്. ഇവിടെ 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന മറ്റൊരു ഫാക്ടറിയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. മൂന്നാമത്തെ ഫാക്ടറി ഖാര്‍ഖോഡ പ്ലാന്റിന്റെ ഭാഗമായി നിര്‍മിക്കാനുള്ള അനുമതിയാണ് മാരുതി സുസുക്കി ഡയറക്ടര്‍ ബോര്‍ഡ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
2031 ആവുമ്പോഴേക്കും പ്രതിവര്‍ഷ ഉത്പാദനം 40 ലക്ഷത്തിലേക്ക് എത്തിക്കുകയെന്ന മാരുതി സുസുക്കിയുടെ ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള ചുവട് കൂടിയാണ് പുതിയ ഫാക്ടറിക്ക് നല്‍കിയ അനുമതി. നിലവില്‍ ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍, ഖാര്‍ഖോഡ പ്ലാന്റുകളിലും ഗുജറാത്തിലെ ഹന്‍സാല്‍പൂര്‍ പ്ലാന്റിലുമായി 26 ലക്ഷം കാറുകളാണ് മാരുതി സുസുക്കി നിര്‍മിക്കുന്നത്.
ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷം 20 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായി 2024ല്‍ മാരുതി സുസുക്കി മാറിയിരുന്നു. 20 ലക്ഷം കാറുകളില്‍ 60 ശതമാനം ഹരിയാനയിലെ പ്ലാന്റുകളില്‍ നിന്നാണ് നിര്‍മിച്ചത്. ഗുജറാത്ത് പ്ലാന്റില്‍ നിന്നാണ് ബാക്കി 40 ശതമാനം കാറുകള്‍ നിര്‍മിച്ചത്. പത്തു ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന പുതിയ പ്ലാന്റിനായും മാരുതി സുസുക്കി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ എവിടെയാണ് ഈ പ്ലാന്റ് തുടങ്ങുന്നത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
നിര്‍മാണ കേന്ദ്രങ്ങളുടെ പുരോഗതി പ്രതീക്ഷിക്കുന്ന രീതിയില്‍ നടന്നാല്‍ മാരുതി സുസുക്കി പ്രതിവര്‍ഷം നിര്‍മിക്കുന്ന കാറുകളുടെ എണ്ണം 43.50 ലക്ഷത്തിലേക്കെത്തും. 2031 ആവുമ്പോഴേക്കും 40 ലക്ഷം എന്ന ലക്ഷ്യവും ഇതോടെ നേടാന്‍ മാരുതി സുസുക്കിക്ക് സാധിക്കും. ഖാര്‍ഖോഡ പ്ലാന്റിന്റെ വിപുലീകരണത്തിനായുള്ള 7,410 കോടി രൂപ ലാഭ വിഹിതത്തില്‍ നിന്നും സമാഹരിക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം