മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും

രാജ്യത്തെ മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും. 7000 കോടി രൂപ വരെ മുതൽ മുടക്കിയായിരിക്കും രാജ്യത്തെ പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ വാങ്ങുക. കമ്പനിയെ ടാറ്റ ഏറ്റെടുത്താലും രണ്ട് വർഷത്തേക്ക് നിലവിലെ മാനേജ്മെന്റ് തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്. വളരെ വേദനയോടെയാണ് താൻ ഈ തീരുമാനം എടുത്തത്. എന്നാൽ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത്  പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ 1965 ലാണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അതൊരു ഇറ്റാലിയൻ ബ്രാന്റായിരുന്നു അന്ന് വരെ. 1969 ൽ പാർലെ കമ്പനിയുടെ ഉടമകളായ ചൗഹാൻ ബ്രദേർസ് ഈ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടർ പ്ലാന്റ് സ്ഥാപിച്ചു. നാല് വർഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്പനിയെ രമേഷ് ചൗഹാൻ സ്വന്തമാക്കിയത്.

ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡാവും ബിസ്ലേരിയെ ഏറ്റെടുക്കുക. കൊക്കക്കോളയ്ക്ക് മൂന്ന് വർഷം മുൻപ് ബിസ്ലേരിക്ക് കീഴിലെ ശീതളപാനീയ ബിസിനസ് ചൗഹാൻ വിറ്റിരുന്നു. തംസ് അപ്, ഗോൾഡ് സ്പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ ചൗഹാൻ അറ്റ്ലാന്റ ആസ്ഥാനമായ കമ്പനിക്ക് നൽകിയത് 1993 ലാണ്.

ഹിമാലയന്‍ ബ്രാന്‍ഡിന് കീഴിൽ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ എന്നീ ബ്രാന്‍ഡുകൾ നിലവിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിനുണ്ട്. ഹൈഡ്രേഷന്‍ സെഗ്മെന്റില്‍ പാക്കേജുചെയ്ത മിനറല്‍ വാട്ടറും ടാറ്റ കമ്പനി ഇപ്പോൾ വില്‍ക്കുന്നുണ്ട്. ബിസ്ലേരി കൂടി സ്വന്തം കുടുംബത്തിലേക്ക് എത്തുന്നതോടെ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് പുതിയ ഉയരങ്ങൾ കീഴടക്കും. 

Leave a Reply

Your email address will not be published. Required fields are marked *