മുൻകാല പ്രാബല്യത്തോടെ സ്വർണത്തിന്റെ ഇ– വേ ബിൽ നടപടി മരവിപ്പിച്ചു

സ്വർണത്തിനും വിലയേറിയ രത്നങ്ങൾക്കും ഇ–വേ ബിൽ ഏർപ്പെടുത്തിയത് സർക്കാർ മരവിപ്പിച്ചു. ജിഎസ്ടി പോർട്ടലിൽ സ്വർണത്തിന് ഇ–വേ ബിൽ തയാറാക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഈ മാസം ഒന്നിനു നടപ്പാക്കിയ പരിഷ്കാരം അന്നു മുതൽ പ്രാബല്യത്തോടെ പിൻവലിച്ചത്.

സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കുന്നതിൽ ഒട്ടേറെ അവ്യക്തത നിലനിൽക്കുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രി കെ.എൻ.ബാലഗോപാലിനു നിവേദനം നൽകിയിരുന്നു. സ്വർണവുമായി എന്തൊക്കെ ആവശ്യങ്ങൾക്ക് പോകുമ്പോഴാണ് ഇ–വേ ബിൽ ആവശ്യമെന്നു വ്യക്തമായിരുന്നില്ല. 50 കിലോമീറ്ററിനുള്ളിലെ ഹ്രസ്വദൂര സഞ്ചാരം, കുറിയർ, ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ, നോൺ സപ്ലൈ വിഭാഗങ്ങളിൽ പെടുന്ന സ്റ്റോക്ക് ട്രാൻസ്ഫറുകൾ, പ്രദർശനങ്ങൾ, അറ്റകുറ്റപ്പണികൾ, ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനായുള്ള യാത്രകൾ തുടങ്ങിയവയ്ക്ക് ഇ–വേ ബിൽ ബാധകമാണോ എന്നു വ്യക്തമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *