മുടക്കുമുതലിന്റെ 10 ശതമാനം കൈയിലുണ്ടോ? സംരംഭം തുടങ്ങാം ‘എന്റെ ഗ്രാമം’ വായ്പാ പദ്ധതിയിലൂടെ

വ്യക്തികൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ചാരിറ്റബിൾ സംഘടനകൾ എന്നിവർക്ക് വായ്പാ പദ്ധതിയിലൂടെ സംരംഭം ആരംഭിക്കാം. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വായ്പ ഉറപ്പു വരുത്തിയിരിക്കണം. പൊതു വിഭാഗത്തിൽപ്പെടുന്നവർക്ക് പദ്ധതി ചെലവിന്റെ 90 ശതമാനം വായ്പ നേടാം. പരിഗണനാ വിഭാഗങ്ങൾക്ക് 95 ശതമാനം വരെ വായ്പയാകാം. പൊതു മേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുക്കാം.

ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പയും സബ്സിഡിയും സ്വന്തമാക്കാമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. പൊതു വിഭാഗങ്ങൾക്ക് മുടക്കുമുതലിന്റെ 10 ശതമാനം കൈയിലുണ്ടായാൽ മതി. അതേസമയം സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗക്കാർ, പിന്നോക്ക വിഭാഗങ്ങൾ, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ തുടങ്ങിയ പരിഗണനാ വിഭാഗക്കാർക്ക് 5 ശതമാനം മതി. ഇത് പണമായി നിക്ഷേപിക്കാം, അല്ലെങ്കിൽ സംരംഭത്തിന്റെ പ്രവർത്തനങ്ങളിലേക്ക് വിനിയോഗിക്കാം. കെട്ടിടം, യന്ത്രങ്ങൾ, പ്രവർത്തന മൂലധനം എന്നിവ ഉൾപ്പെടെ പദ്ധതിച്ചെലവ് പരമാവധി 10 ലക്ഷം രൂപയായിരിക്കണം 

സബ്സിഡി

സംരംഭം ആരംഭിച്ചു കഴിഞ്ഞാൽ സബ്സിഡി ലഭിക്കും. പട്ടികജാതി പട്ടികവർഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40 ശതമാനം സബ്സിഡി ലഭിക്കും. സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും 30 ശതമാനവും പൊതു വിഭാഗത്തിന് 25 ശതമാനവും സബ്സിഡി അനുവദിക്കും. കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഖാദി ഗ്രാമ വ്യവസായ ബോർഡ് നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കാൻ അനുവാദമില്ല.

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസുകളിലാണ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫാറം പ്രസ്തുത ഓഫീസുകളിൽ നിന്നു ലഭിക്കും. www.kkvib.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ഗ്രാമ വ്യവസായ ഓഫീസുകളിൽ നിന്നു ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *