മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പ്; ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും.

 ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വ്യാജരേഖകള്‍ സമർപ്പിച്ച് അനർഹർ ധനസഹായം തട്ടിയെടുത്തതും ഇടനിലക്കാർ കൂട്ട് നിന്നതും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ 7 കേസുകൾ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. തലസ്ഥാനത്ത് മാത്രം 3 കേസുകൾ. 7 കേസുകളിലും പണം കൈപ്പറ്റിയത് അനർഹരാണെന്നാണ് കണ്ടെത്തൽ.ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം. 7 കേസുകളിലും ഡോക്ർടമാർ, റവന്യുഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പങ്ക് വിശദമായി പരിശോധിച്ച് അവരേയും പ്രതികളാക്കും.

7 ന് പുറമെ ക്രമക്കേട് സംശയിക്കുന്ന മറ്റ് 15 കേസുകളിലും വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശം നൽകിയിട്ടുണ്ട്.അന്വേഷണത്തിന് പിന്നാലെ ധനസഹായത്തിന് പരിധി കൂട്ടണമെന്ന ശുപാർശയും വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. നിലവിലെ രണ്ട് ലക്ഷമെന്ന വരുമാന പരിധി ഉയർത്തണമെന്നാണ് ശുപാർശ.

Leave a Reply

Your email address will not be published. Required fields are marked *