കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം രൂപ. വെള്ളി നാണയങ്ങൾ വിറ്റുപോയില്ല. ഇവ വീണ്ടും വിൽപനയ്ക്കു വയ്ക്കും.
അഞ്ചു സ്വർണ നാണയം, മാല, മോതിരം, കമ്മൽ, വള ഉൾപ്പെടെ 47.92 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. ഇതിൽ 25.660 ഗ്രാം സ്വർണം 916 പരിശുദ്ധിയുള്ളതായിരുന്നു. ഒരു മാസം മുൻപു ക്വട്ടേഷൻ ക്ഷണിച്ച് സ്വർണത്തിന്റെ വിപണിവിലയും 3% ജിഎസ്ടിയും ഉൾപ്പെടുത്തിയുള്ള തുകയ്ക്കാണു 47.92 ഗ്രാം വിൽപന നടത്തിയത്. പഴയ സ്വർണമായതിനാൽ 5% വിലക്കിഴിവ് അനുവദിച്ചു. വെള്ളിക്ക് ക്വട്ടേഷൻ നൽകിയത് ഒരാൾ മാത്രമായതിനാൽ വിൽപന നടന്നില്ല. 140 ഗ്രാം വെള്ളിയാണുള്ളത്.
കോവിഡ് ദുരിതാശ്വാസത്തിനായി 831.89 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. ഇതിൽ 52.25 കോടി രൂപ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും ബാക്കി തുക മറ്റു വഴികളിലൂടെയും എത്തി. ആകെ 941.07 കോടി രൂപ കോവിഡ് ദുരിതാശ്വാസത്തിനു ചെലവിട്ടെന്നാണു സർക്കാരിന്റെ കണക്ക്. രണ്ടു പ്രളയങ്ങളുടെ സമയത്ത് 4912.45 കോടി ലഭിച്ചതിൽ 4140.07 കോടി ചെലവിട്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
2018 ഓഗസ്റ്റ് മുതൽ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈൻ പോർട്ടൽ വഴി മാത്രം എത്തിയത് 267.9 കോടി രൂപയാണ്. 20,25,014 പേരുടേതാണ് ഈ സംഭാവന.