മിൽമയുടെ സംസ്ഥാനത്തെ ആദ്യത്തെ റസ്റ്ററന്റ് മിൽമ റീഫ്രഷ് വെജ് എന്ന പേരിലുള്ള റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ തുടങ്ങുന്നു. എംജി റോഡ് കോട്ടപ്പുറത്തെ മിൽമ റീഫ്രഷ് വ്യാഴാഴ്ച രണ്ടിനു മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
എറണാകുളം മേഖലാ യൂണിയൻ നടത്തുന്ന റസ്റ്ററന്റിൽ നോർത്ത്, സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ഉണ്ടാകും. മിൽമയുടെ പാൽ, തൈര്, പനീർ, നെയ്യ് എന്നിവ ഉപയോഗിച്ചാണു വിഭവങ്ങളുണ്ടാക്കുക. ഇതോടൊപ്പം മിൽമയുടെ സൂപ്പർ മാർക്കറ്റും ഉണ്ടാകുമെന്ന് ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.
തൃശൂർ രാമവർമപുരം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോട്ടയം വടവാതൂർ എന്നിവിടങ്ങളിലെ മിൽമ കേന്ദ്രങ്ങളിലും ഉടൻ റസ്റ്ററന്റ് തുടങ്ങും. സ്വകാര്യ വ്യക്തികൾക്കും സഹകരണ സ്ഥാപനങ്ങൾക്കും മിൽമയുടെ നിയന്ത്രണത്തോടെ ഫ്രാഞ്ചൈസികളും നൽകും.