വ്യാപാര – വാണിജ്യ സ്ഥാപനങ്ങളിലും 100 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള വീടുകളിലും മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ ഉടമയ്ക്ക് ഒരു വർഷം വരെ തടവുശിക്ഷ നൽകുന്ന വ്യവസ്ഥ കർശനമാക്കുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും വീഴ്ച വരുത്തിയാൽ ഓരോ ദിവസവും കുറഞ്ഞത് 1000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്. മാലിന്യസംസ്കരണം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറിലാണ് മുന്നറിയിപ്പ്. വീഴ്ച വരുത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയോ 10,000 – 50,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നു സർക്കുലർ ഓർമിപ്പിക്കുന്നു. വാണിജ്യ സ്ഥാപനങ്ങളിൽ മാലിന്യസംസ്കരണ സംവിധാനം നിർമാണ സമയത്തു തന്നെ ഉണ്ടായിരിക്കണം. ഇല്ലാത്തവയ്ക്കു തദ്ദേശ സ്ഥാപനം അനുമതി നൽകരുത്.
നിലവിൽ സംവിധാനമില്ലാത്തവയ്ക്ക് അതൊരുക്കാൻ നിശ്ചിത സമയം നൽകാം. സംവിധാനം ഒരുക്കാത്തവയുടെ ലൈസൻസും കെട്ടിട നമ്പറും പ്രവർത്തനാനുമതിയും റദ്ദാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.