ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കില്‍ ലോകത്തിന് എന്തു തന്നെ സംഭവിച്ചാലും വലിയ പരുക്കേല്‍ക്കാതെ പിടിച്ചു നില്‍ക്കാനും ഇനി ലോകത്തിനു വലിയ ക്ഷതമൊന്നും പറ്റുന്നില്ലെങ്കില്‍ ദ്രുതവളർച്ചയിലേക്ക് പോവാനുമാവുന്ന വിധം വഴക്കമുള്ള സമ്പദ്ഘടനയാണെന്ന് വേണമെങ്കില്‍ പറയാം. ക്രൂഡിന്‍റെ വില കുറച്ചു നാളത്തേയ്ക്ക് വലിയ കടുപ്പമൊന്നും കാട്ടുന്നില്ലെങ്കില്‍ ഇറക്കുമതി ബില്‍ കാര്യമായി കുറയും. വിലക്കയറ്റം പിടിച്ചുനിർത്താനായാല്‍ അതില്‍പരം നേട്ടം വേറെയില്ല.
നമ്മുടെ തൊട്ട് അയല്‍പക്ക രാജ്യങ്ങള്‍ ഇവിടുത്തേക്കാള്‍ സൂപ്പറാണെന്ന മട്ടിലുള്ള തെറ്റായ പോസ്റ്റുകള്‍ പലപ്പോഴും ഫോർവേഡ് ചെയ്യാറുണ്ട്. അവിടുത്തെ യഥാർത്ഥ ചിത്രം ദയനീയമാണെന്നറിയുക. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവയെടുക്കുക. പാക്കിസ്ഥാന്‍റെ റേറ്റിങ് കഴിഞ്ഞ വാരം റേറ്റിംഗ് ഏജന്‍സി എസ് ആന്‍റ് പി പുറത്തു വിട്ടത് പരിശോധിക്കാം. ട്രിപ്പിള്‍ സി നെഗറ്റീവ്.
കോവിഡും റഷ്യ – യുക്രെയ്ന്‍ പ്രശ്നവുമെല്ലാം ഈ രാജ്യങ്ങളെ സാമ്പത്തികമായി താറുമാറാക്കിയെന്നു തന്നെ പറയാം. മൊത്തം വിദേശ കടത്തില്‍ 20 ശതമാനത്തോളം ചൈനക്ക് മാത്രം തിരിച്ചു നല്‍കേണ്ട സ്ഥിതിയാണ് ശ്രീലങ്കയ്ക്ക്. ജപ്പാന് 9 ശതമാനം, ഇന്ത്യക്ക് രണ്ട് ശതമാനം. ഐ.എം.എഫിന്‍റെ വായ്പാസഹായവും നോക്കിയിരിക്കുകയാണ് അവർ.
ബംഗ്ലദേശിലേക്ക് നോക്കുകയാണെങ്കിൽ ടെക്സ്റ്റൈല്‍ കയറ്റുമതിയൊക്കെ നടത്തി പിടിച്ചുകയറി വന്നുകൊണ്ടിരിക്കുകയായിരുന്നു അവർ. ആഗോള വ്യാപാരത്തിലുണ്ടായ വീഴ്ച അവരെയും വീഴ്ത്തി. നേപ്പാളിന്‍റെ സ്ഥിതിയും വിഭിന്നമല്ല. ഇരു രാജ്യങ്ങളും ഐ.എം.എഫിന്‍റെ വായ്പയെയാണ് ഉറ്റുനോക്കുന്നത്. ഇതില്‍ ഭൂരിപക്ഷം രാജ്യങ്ങളിലും ജനസംഖ്യക്കനുസരിച്ച് തൊഴില്‍ നല്‍കാനാവുന്നില്ലെന്നത് പ്രശ്നത്തിന്‍റെ വ്യാപ്തി കൂട്ടുന്നു.
റിസർവ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ടില്‍ ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടമൊക്കെ കാര്യമായി കുറഞ്ഞ് ഏതു സ്ട്രെസ് ടെസ്റ്റിനേയും നേരിടാന്‍ സജ്ജമാണെന്ന് പറയുന്നു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഡോമസ്റ്റിക് സിസ്റ്റമിക്കലി ഇംപോർട്ടന്‍റ് ബാങ്കുകളാണെന്ന് ആർ.ബി.ഐ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം വന്ന ജി.എസ്.ടിയുടെ കണക്കുകള്‍ നോക്കുക. ഡിസംബറിലെ സമാഹരണം 1.49 ട്രില്യണ്‍ രൂപയാണ്. അത് കഴിഞ്ഞ വർഷം ഡിസംബറിനെക്കാള്‍ 15 ശതമാനത്തിന്‍റെ വർധനയാണ്. ജി.എസ്.ടി നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന മൂന്നാമത്തെ മാസ കളക്ഷനാണിത്.
മാനുഫാക്ച്ചറിങ് സൂചിക നോക്കിയാൽ അതും കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പർച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് എന്ന പി.എം.ഐയനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കൂടുകയാണ്. ഫാക്ടറി കരാറുകള്‍ കൂടുന്നു, അസംസ്കൃതവസ്തുക്കളുടെ വില്‍പ്പന ഉയരുന്നു, തൊഴില്‍ സംബന്ധിച്ച ഹയറിങ് കണക്കുകളും മികച്ചതാവുന്നു.
റഷ്യയുമായുള്ള കച്ചവടം വർധിക്കുകയാണ്. യുക്രെയ്നുമായുള്ള റഷ്യയുടെ ആക്രമണം മൂലം ഇന്ത്യക്ക് കുറഞ്ഞ വിലക്ക് ക്രൂഡ് വാങ്ങാനായിയെന്നത് എല്ലാവർക്കും അറിവുള്ള കാര്യം. അതിനുമപ്പുറത്തേക്ക് രൂപയില്‍ തന്നെ വിനിമയം ചെയ്യാവുന്ന തരത്തില്‍ ചായപ്പൊടി, മരുന്ന്, എന്‍ജിനിയറിങ് വസ്തുക്കള്‍ എന്നിവയുടെ ഇടപാടുകളും പൊടിപൊടിക്കുമെന്നാണ് സൂചന. രൂപയില്‍ വിനിമയം നടത്തുമ്പോള്‍ രൂപയുടെ ആവശ്യകത ഏറുമെന്ന കാര്യം ഓർമിക്കണം. ഡിസംബർ 14 വരെ, ഇതുമായി ബന്ധപ്പെട്ട വ്യാപാര കരാർ അനുസരിച്ച് 9 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രൂപയില്‍ ഇടപാട് നടത്താനുള്ള വോസ്ട്രോ അക്കൗണ്ട് തുടങ്ങാന്‍ അനുമതി ലഭിച്ചു. റഷ്യയിലെ പ്രധാന ബാങ്കുകളായ സ്ബെർ ബാങ്കും വി.ടി.ബി ബാങ്കുമാകും അവിടുനിന്നുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുക.
നമ്മളെ സംബന്ധിച്ച് ഉടന്‍ വരാനിരിക്കുന്ന കേന്ദ്രബജറ്റും അധികം ദൂരത്തല്ലാത്ത തിരഞ്ഞെടുപ്പുമാണ് പ്രധാനം. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും ഉറച്ച സർക്കാർ ഉണ്ടായാല്‍ തന്നെ പകുതി ആശ്വാസമാവും