ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്.
2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നികുതി വിവരങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ നികുതി വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര നികുതി ബോര്‍ഡിന്റെ വിജ്ഞാപനപ്രകാരം മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല. നിക്ഷേപിച്ച തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനം അക്കൗണ്ട് ഉടമയുടെ മൊത്തം വരുമാനത്തിലേക്ക് ചേർത്ത് ബാധകമായ നികുതി സ്ലാബില്‍ നികുതി ഈടാക്കുകയും ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
സിബിടിഡി അറിയിപ്പ് അനുസരിച്ച്, മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പലിശ പ്രതിവർഷം 40,000 രൂപയിൽ കവിയുന്നില്ലെങ്കിൽ, ടിഡിഎസ് നൽകേണ്ടതില്ല. എന്നാൽ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് നിക്ഷേപങ്ങൾ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. അതായത് അക്കൗണ്ട് ഉടമകൾക്ക് അവരുടെ നിക്ഷേപത്തിന് നികുതി ഇളവ് അവകാശപ്പെടാൻ കഴിയുകയില്ല.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം.