ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് കൂടുതൽ നിക്ഷേപവുമായി മറുനാടൻ കോർപറേറ്റ് കമ്പനികൾ. ആർപിജി ഗ്രൂപ്പിനു കീഴിലുള്ള സരിഗമയാണ് കൂടുതൽ മലയാള ചിത്രങ്ങൾക്ക് പണമിറക്കിയിട്ടുള്ളത്. നേരത്തെ സംഗീത രംഗത്ത് മാത്രമായി സജീവമായിരുന്ന കമ്പനി സിനിമ നിർമാണം തുടങ്ങിയപ്പോൾ തെന്നിന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിലാണ് കൂടുതൽ താൽപര്യം കാണിച്ചത്.
നിവിൻ പോളി നായകനായ പടവെട്ടായിരുന്നു സരിഗമയുടെ ആദ്യ ചിത്രം. ഇപ്പോൾ തിയറ്ററിലുള്ള ഷാജി കൈലാസിന്റെ പൃഥിരാജ് ചിത്രം കാപ്പ ,ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും,ആസിഫലി ചിത്രം കാസർഗോൾഡ് ,മമ്മൂട്ടിയുടെ പേരിടാത്ത ഡിനു ഡെന്നിസ് ചിത്രം തുടങ്ങിയവയാണ് സരിഗമയുടെ മറ്റു പ്രോജക്ടുകൾ. പ്രൊഡക്‌ഷൻ രംഗത്ത് ബ്രാൻഡ് ആയി മാറിയ കന്നഡയിലെ ഹൊംബലെ ഫിലിംസും മലയാളത്തിൽ സജീവമാവുകയാണ്.
3000 കോടിയാണ് ഹൊംബലെ വിവിധ ഭാഷകളിൽ നിർമാണ രംഗത്ത് മുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കെജിഎഫ്, കാന്തര ചിത്രങ്ങളുടെ തരംഗത്തോടെ ഹിറ്റായ കമ്പനിയുടെ മലയാള ചിത്രം ടൈസൻ സംവിധാനം ചെയ്യുന്നത് പൃഥിരാജാണ്. പുനീത് രാജ്കുമാർ ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് ധൂമം എന്ന പേരിൽ ഫഹദ് –അപർണ ബാലമുരളി ജോഡികളെ വച്ചും മലയാളത്തിൽ ചെയ്യുകയാണ് ഹൊംബലെ.
‘കേരളത്തിലെ തിയറ്റർ വരുമാനം മാത്രം കണ്ടു കൊണ്ടല്ല ഇത്തരം കമ്പനികൾ വരുന്നത്.ഒടിടിയിൽ നമ്മുടെ സിനിമകളുടെ പ്രേക്ഷകർ ഭാഷയുടെ അതിരുകൾ വിട്ട് വിപുലമായി. വലിയ സ്വീകാര്യത ലഭിച്ചു. ആർട്ടിസ്റ്റുകളുടെ ഡേറ്റ് കിട്ടുകയെന്നതാണ് 2023 ൽ സിനിമ മേഖല നേരിടുന്ന വലിയ പ്രതിസന്ധി.വലിയ താരങ്ങൾക്കൊന്നും ഡേറ്റില്ല.പലരും സ്വന്തം ചിത്രങ്ങളാണ് നിർമിക്കുന്നത്. ’– ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.രഞ്ജിത് ചൂണ്ടിക്കാട്ടി.
കോവിഡ്കാലത്തെ പ്രതിസന്ധിയിൽ മലയാള സിനിമ ഒരു ‘സോഫ്റ്റ് പവർ ’ ആയി വികസിച്ചുവെന്നതാണ് ആശാവഹമായ മാറ്റം. ഒടിടിയിൽ മലയാളം പടർന്നുകയറി.ദൃശ്യം –2 കേരളത്തിൽ ഒടിടി റിലീസ് ചെയ്തിട്ടും ഹിന്ദിയിൽ അജയ് ദേവഗണിനെ വച്ച് തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ നേടിയത് 250 കോടിയിലേറെ കലക്‌ഷനാണ്. 2022 ൽ ആടിയുലഞ്ഞ ബോളിവുഡിനെ താങ്ങി നിർത്തിയതും ദൃശ്യത്തിന്റെ പൊലിമയായിരുന്നു. കേരളത്തിലെ പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്ന് ചിത്രം നിർമിക്കുന്നതാണ് സരിഗമയുടെ രീതി.
റിലയൻസ്,യുടിവി, ഇറോസ് കമ്പനികളാണ് 2010 നുശേഷം മലയാള സിനിമ നിർമിച്ച് രംഗത്തു വന്നത്.എന്നാൽ തിയറ്റർ ഷെയർ മാത്രം ആശ്രയിച്ചുള്ള ബിസിനസ് മോഡൽ വലിയ കമ്പനികൾക്ക് അന്ന് ആകർഷകമായിരുന്നില്ല എന്ന കാരണത്താലാണ് പലരും തുടക്കത്തിലെ ആവേശത്തിനു ശേഷം പിൻമാറിയത്ഫിഫ ലോക കപ്പും അടുത്ത ഐപിഎല്ലും സംപ്രേഷണം ചെയ്ത് സജീവമാകുന ജിയോ സിനിമാസും മലയാളത്തിൽ ചിത്രങ്ങൾ നിർമിക്കുമെന്ന് കരുതുന്നു.നേരത്തെ മലയാളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ടി സീരീസ് ഉൾപ്പെടെയുള്ള കമ്പനികൾ സംഗീത രംഗത്തേക്ക് വരുന്നതും ഭാവിയിലെ നിർമാണ നീക്കങ്ങൾ കണ്ടു കൊണ്ടാകുമെന്നാണ് കരുതുന്നത്