ക്രിസ്മസ്, പുതുവത്സരക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ മുഴുവൻ മദ്യവിൽപനഷോപ്പുകളും അലങ്കരിക്കും. ഓരോ ഷോപ്പിലും ഒരു ദിവസത്തെ ശരാശരി വിൽപനയുടെ 0.1 ശതമാനം വരെ അലങ്കാരത്തിനു ചെലവിടാൻ ബവ്കോ മാനേജ്മെന്റ് അനുമതി നൽകി. ദിവസം 50 ലക്ഷം രൂപ വിൽപനയുള്ള ഷോപ്പിൽ 5000 രൂപ വരെ അലങ്കാരത്തിനു ചെലവാക്കാം.
18 മുതൽ 31 വരെയുള്ള ക്രിസ്മസ്–പുതുവത്സര സീസണിൽ വിൽപന, ഡിജിറ്റൽ പേയ്മെന്റ്, വൃത്തി, ഉപയോക്താക്കളുടെ സംതൃപ്തി എന്നിവയിൽ മുന്നിലെത്തുന്ന ഷോപ്പിലെ ജീവനക്കാർക്കു സമ്മാനവുമുണ്ട്.
ആവശ്യത്തിനു മദ്യം ഈ ദിവസങ്ങളിൽ കടകളിലുണ്ടന്നു ജീവനക്കാർ ഉറപ്പാക്കണമെന്ന് ക്രിസ്മസ്–പുതുവത്സര വിൽപനയുമായി ബന്ധപ്പെട്ട് സിഎംഡി യോഗേഷ് ഗുപ്ത ഇറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.