മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചിയിൽ മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോയുടെ പ്രകാശനം മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന നിർവഹിച്ചു.പെൺകുട്ടികൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയാലേ, പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട് വിജയം നേടാൻ കഴിയൂയെന്ന് മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന പറഞ്ഞു

സമ്പാദ്യ ശീലം കുട്ടിക്കാലം മുതലേ വളർത്തിയെടുക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ മികച്ച ജോലി സമ്പാദിച്ച് സ്വയം കരുത്ത് ആർജ്ജിക്കണമെന്നും ചാർട്ടേഡ് അക്കൗണ്ടൻ്റ് കൂടിയായ മിസ്സ് ഇന്ത്യ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസ സഹായം തൊഴിൽ പരിശീലനം എന്നിവ നൽകുന്നതിനുമാണ് ‘സ്ത്രീരത്ന ‘പദ്ധതി ലക്ഷ്യമിടുന്നതെന്ന് മണിരത്ന ഗ്രൂപ്പ് ചെയർമാനും ഇന്ത്യ- മെക്സിക്കോ ട്രേഡ് കമ്മീഷണറുമായ മണികണ്ഠൻ സൂര്യ വെങ്കട്ട പറഞ്ഞു .എല്ലാ മേഖലയിലും ഇന്ന് പെൺകുട്ടികൾ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിബദ്ധതയോടെ മണിരത്ന ഗ്രൂപ്പ് നിരവധി സാമൂഹ്യ സേവന പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും ഓരോ പ്രദേശത്തെയും പഞ്ചായത്ത്- മുൻസിപ്പൽ അധികൃതരുമായി ചേർന്ന് ഇതിനായി പ്രവർത്തിക്കുമെന്നും മണികണ്ഠൻ സൂര്യ വെങ്കട്ട അറിയിച്ചു.

സ്വയംതൊഴിൽ സംരംഭങ്ങൾ ,ചെറുകിട വ്യാപാര സ്റ്റാർട്ടപ്പുകൾ, ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് പരിശീലനങ്ങൾ, അതിക്രമങ്ങളിലും ചൂഷണങ്ങളിലും അകപ്പെടുന്നവർക്കുള്ള പിന്തുണ , സർക്കാർ സേവനങ്ങളെപ്പറ്റി സ്ത്രീകൾക്ക് അവബോധം നൽകൽ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 2030 ഓടെ ഇന്ത്യയിലും വിദേശത്തുമായി 5000 ശാഖകൾ മണിരത്ന ഗ്രൂപ്പ് ആരംഭിക്കും. ചടങ്ങിൽ മണിരത്ന ഗ്രൂപ്പ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘ലിറ്റിൽ രത്ന ‘ബ്യൂട്ടി പെജന്റിന്റെ ലോഗോ മിസ്സ് ഇന്ത്യ ഇൻറർനാഷണൽ പ്രവീണ ആഞ്ജന, മണിരത്ന ഗ്രൂപ്പ് സിഇഒ ധന്യ മണികണ്ഠന് നൽകി പ്രകാശനം ചെയ്തു. ആത്മവിശ്വാസമുള്ള പെൺകുട്ടികളെ രൂപപ്പെടുത്തി എടുക്കുന്നതിനായി സംഘടിപ്പിക്കുന്ന ലിറ്റിൽ രത്നയിലൂടെ പാഠ്യേതര രംഗത്തെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ പരിശീലകരെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തുമെന്ന് ധന്യ മണികണ്ഠൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *