ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാരിനു ലഭിച്ചത്. ഇതിൽ 1000 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണ്. ഭൂമി തരംമാറ്റുമ്പോൾ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കണമെന്നും അധിക ഭൂമിക്കു മാത്രം ഫീസ് ഈടാക്കാമെന്നുമുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നടപ്പായാൽ സർക്കാരിനു വൻ വരുമാന നഷ്ടത്തിന് കാരണമാകുമെന്നു വ്യക്തം.
ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് 2021 ഫെബ്രുവരിയിൽ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കി ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ കുന്നുകൂടിയത്. ഭൂനികുതി ഓൺലൈനായി അടയ്ക്കാൻ സംവിധാനം നിലവിൽ വന്നതോടെ ഭൂമിയുടെ തരം പുരയിടമോ നിലമോ എന്ന് രസീതിൽ രേഖപ്പെടുത്തി തുടങ്ങിയതും തരംമാറ്റ അപേക്ഷകൾ വർധിക്കാൻ കാരണമായി. നഗരവൽക്കരണത്തിനു ശേഷവും ഭൂമിയുടെ തരം നിലമായി തുടരുന്നത് ഉടമകൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ഭൂമി തരംമാറ്റത്തിനായി നേരിട്ടു ലഭിച്ച 2.75 ലക്ഷം അപേക്ഷകളും ഓൺലൈനായി ലഭിച്ച ഒരു ലക്ഷത്തോളം അപേക്ഷകളും ഇതുവരെ തീർപ്പാക്കി. ഇനി 2 ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കാനുണ്ട്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകുന്ന അപ്പീലിലും ഫലമുണ്ടായില്ലെങ്കിൽ സർക്കാരിനു മുന്നിലുള്ളത് ചട്ടഭേദഗതിയെന്ന വഴിയാണ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വരുന്ന ഭേദഗതിയും പിന്നീടു നിയമവ്യവഹാരങ്ങൾക്കു വഴിവച്ചേക്കാം.