ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ കെട്ടിട നികുതി നിർണയിക്കുന്ന ബിൽ ഉടനില്ല

തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിട നികുതി, ഭൂമിയുടെ ന്യായവിലയുടെ കൂടി അടിസ്ഥാനത്തിൽ പുനർനിർണയിക്കാൻ ധനബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയെങ്കിലും അടുത്ത മാസം ഒന്നു മുതൽ‌ ഇതു നടപ്പാക്കില്ല. നിലവിലെ കെട്ടിട നികുതിയിൽ 5% വർധനയാകും അടുത്ത വർഷം തൽക്കാലം നടപ്പാക്കുക. ആവശ്യമുള്ളപ്പോൾ ന്യായവിലയുടെ അടിസ്ഥാനത്തിൽ കെട്ടിട നികുതി പരിഷ്കരിക്കുന്നതിനു സൗകര്യമൊരുക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയത്.

ഇന്നലെ നിയമസഭ പാസാക്കിയ ധനബില്ലിലെ നികുതി നിർദേശങ്ങൾ ഏപ്രിൽ‌ 1 മുതൽ പ്രാബല്യത്തിലാകും. മാലിന്യ സംസ്കരണത്തിനു യൂസർ ഫീ ഈടാക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഇപ്പോൾ പഞ്ചായത്തുകളിൽ‌ 50 രൂപ, കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 70 രൂപ എന്നിങ്ങനെയാണു യൂസർ ഫീ. ഇതു ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിയമപരമായ അനുവാദം നൽകുന്നതിനാണു ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നത്.

പെട്രോളിനും ഡീസലിനും 2 രൂപ സെസ്, 500 രൂപ മുതൽ 999 രൂപ വരെ പരമാവധി വില രേഖപ്പെടുത്തിയിട്ടുള്ള മദ്യത്തിന് 20 രൂപ സെസ്, 1000 രൂപ മുതലുള്ള മദ്യത്തിനു 40 രൂപ സെസ്, മോട്ടർ വാഹന നികുതിയിൽ വർധന തുടങ്ങിയവയെല്ലാം ഇന്നലെ പാസാക്കിയ ധനബില്ലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *