ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷൻ

ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയെ ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന്‍റെ ആഗോള ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടണ്‍  ഹരിത ഹൈഡ്രജന്‍ ഉത്പാദനമാണ് ഇന്ത്യയുടെ ലക്ഷ്യം. 2047ല്‍ ഇത് 45 ലക്ഷം ടണ്ണില്‍ എത്തിക്കാനും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ വിഭാവനം ചെയ്യുന്നു. 

ഹരിത ഹൈഡ്രജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം കോടി നിക്ഷേപമാണ് സര്‍ക്കാര്‍ 2030 ആകുമ്പോഴേക്കും പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.  ഇന്ത്യക്ക് വിദേശ നാണ്യം വലിയ തോതില്‍ ചിലവഴിക്കേണ്ടി വരുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടിയാണ്.  ഫോസില്‍ ഇന്ധന ഇറക്കുമതിയില്‍ ഒരു ലക്ഷം കോടിയുടെ കുറവ് വരുത്തലാണ് മറ്റൊരു ലക്ഷ്യം. ഇന്ധനത്തിനായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നതും ഇന്ത്യക്ക് ഇതിലൂടെ കുറയ്ക്കാനാകും. വാര്‍ഷിക ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് 50 എംഎംടി കുറയ്ക്കലും ഇതിലൂടെ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

പ്രെട്രോളിയം ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. യുദ്ധവും സമ്പത്തും അധികാരവുമൊക്കെ ക്രൂഡ് ഓയിലിനെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. ഇതിനൊക്കെ പുറമെ അമിതമായ കാര്‍ബണ്‍ പുറംതള്ളല്‍ കാരണം ഉണ്ടാക്കുന്ന കാലാവസ്ഥ പ്രശനങ്ങളും ലോകം നേരിടുകയാണ്. പെട്രോളിയം ഇന്ധനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് വൈദ്യുത വാഹനങ്ങളിലേക്കുളള മാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇപ്പോള്‍ കൂടുതല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

പക്ഷേ വാഹനങ്ങളെല്ലാം വൈദ്യുതിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലൂടെ മാത്രം ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കില്ലെന്നുള്ള ഒരു വാദം ഉയരുന്നുണ്ട്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായി ഉയരുന്നതോടെ കല്‍ക്കരി ഡീസല്‍, ആണവ ഇന്ധനങ്ങള്‍ എന്നിവയെ വീണ്ടും ആശ്രയിക്കേണ്ട വരുമെന്നും ഒരു വിഭാഗം പറയുന്നു. 

കാറ്റില്‍ നിന്നും സോളാര്‍ പാനലുകളില്‍ നിന്നും വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. പക്ഷേ വലിയ വ്യവസായങ്ങള്‍ക്കും വന്‍തോതിലുള്ള ചരക്ക് ഗതാഗതത്തിനും ഇത്തരത്തിലുളള വൈദ്യുതി ഉത്പാദനം പോരാതെ വരും. ഹൈഡ്രജന്‍റെ ഉപയോഗമാണ് ഭാവിയിലെ ഇന്ധന പ്രതിസന്ധിക്ക് പ്രതിവിധിയായി ഉയരുന്നത്. ഭാവിയുടെ ഇന്ധനം എന്നാണ് ഹൈഡ്രജനെ വിശേഷിപ്പിക്കുന്നത്. വിവിധ രീതിയില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുവാന്‍ സാധിക്കും.

കേരളത്തിലും ഉണ്ട് ഹരിത ഹൈഡ്രജന്‍ പദ്ധതിയുടെ സാധ്യതകള്‍. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ചില കമ്പനികള്‍ സര്‍ക്കാരിനോട് താത്പര്യം അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് നിന്നും ജര്‍മ്മനിയിലേക്ക് ഒരു ലക്ഷം ടണ്‍ ഹരിത അമോണിയ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയാണ് ഒരു കമ്പനി സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ അതിന്റെ പ്രാരംഭ ഘടത്തിലാണ്. വരും നാളുകളില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *