ഭാരത് എൻസിഎപി എന്നറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നാളെ രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രാഷ് ടെസ്റ്റ് റേറ്റിംഗ് അസസ്‌മെന്റ് പ്രോഗ്രാം കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഉദ്ഘാടനം ചെയ്യും. ഇതോടെ സ്വന്തമായി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം ഉള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ സുരക്ഷാ റേറ്റിംഗുകൾ നേടുന്നതിന് ഇനി ഈ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഭാരത് എൻസിഎപി ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ പരീക്ഷിക്കും. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ് അസസ്മെന്റ് പ്രോഗ്രാമിന് കീഴിൽ, ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) 197 അനുസരിച്ച് നിർമ്മാതാക്കൾക്ക് അവരുടെ കാറുകൾ സ്വമേധയാ പരീക്ഷിക്കാവുന്നതാണ്. ഭാരത് എൻസിഎപി ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി-യോഗ്യത വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ഷോറൂമുകളിൽ നിന്ന് വാഹനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും ടെസ്റ്റിംഗ് ഏജൻസിക്ക് ഉണ്ടായിരിക്കും.
ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾക്കൊപ്പം ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുകയോ മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കാർ നിർമ്മാതാക്കളും ഭാരത് എൻസിഎപിക്ക് മുന്നില്‍ സ്വമേധയാ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. അവർ ഏജൻസിക്ക് ഒരു അപേക്ഷ സമർപ്പിക്കണം. അത് പരിശോധനാ ഫലങ്ങൾ അനുസരിച്ച് വാഹനങ്ങളെ റേറ്റുചെയ്യും. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS)-197 അനുസരിച്ചായിരിക്കും ഈ റേറ്റിംഗുകൾ.
ഭാരത് എൻസിഎപിക്ക് കീഴിൽ, കാറുകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ക്രാഷ് ടെസ്റ്റ് ചെയ്യപ്പെടുകയും അവയുടെ ഫലങ്ങൾ അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വരെ റേറ്റുചെയ്യുകയും ചെയ്യും. ക്രാഷ് ടെസ്റ്റുകളിൽ 60 കിലോമീറ്ററിലധികം വേഗതയിൽ ഫ്രണ്ട്, സൈഡ്, പോൾ സൈഡ് ഇംപാക്ടുകൾ ഉൾപ്പെടും. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഏജൻസി വാഹനങ്ങളെ റേറ്റുചെയ്യും.
ഉപഭോക്തൃ സുരക്ഷാ മുൻഗണനകൾ പാലിക്കാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്ന സുരക്ഷിത കാറുകൾക്കായുള്ള ഉയർന്ന ഡിമാൻഡാണ് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഈ നീക്കം ഇന്ത്യൻ വാഹനങ്ങളുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നും പ്രാദേശിക കാർ നിർമ്മാതാക്കൾക്ക് കയറ്റുമതി അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.