സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം).
ആദ്യഘട്ടമായി യൂറിയ ആണ് ഈ ബ്രാൻഡിങ്ങിൽ എത്തുന്നത്. വ്യാപാരികൾ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ ചില ബ്രാൻഡുകൾ മാത്രം വിൽക്കാൻ താല്പര്യം കാണിക്കുന്നതിനാൽ അടിസ്ഥാന വളങ്ങളുടെ ലഭ്യത ഇല്ലാതെ വരുന്നതു തടയാനും അനാരോഗ്യ മത്സരം ഒഴിവാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബ്രാൻഡ് പേരുകൾ കർഷകർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. ബ്രാൻഡ് ഏതായാലും വളം ഒന്നുതന്നെയാണെന്ന് വരുമ്പോൾ, രാജ്യം മുഴുവൻ തങ്ങളുടെ ബ്രാൻഡ് വളം വിൽക്കാൻ കമ്പനികൾ നടത്തുന്ന ചരക്കുനീക്കവും പ്രചാരണ ചെലവും ഒഴിവാക്കാം.
ഭാരത് എൻപികെ,ഭാരത് യൂറിയ,ഭാരത് ഡിഎപി,ഭാരത് എംഒപി എന്നീ പേരുകളിലാണ് വളങ്ങൾ വരുക. കമ്പനികളുടെ പ്രശസ്തമായ വാണിജ്യ നാമങ്ങൾ ഇല്ലാതാകും. ഫാക്ടിൻ്റെ വിഖ്യാതമായ ഫാക്ടംഫോസ് പുതിയ നയപ്രകാരം ‘ഭാരത എൻപികെ ‘ ആകും.