ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.
റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. വായ്പാ കാലാവധി, ഇഎംഐ നിരക്ക് തുടങ്ങിയവയെക്കുറിച്ച് വായ്പയെടുത്തവരോട് ബാങ്കുകൾ കൃത്യമായു വിശദമായും കാര്യങ്ങൾ അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. വായ്പയെടുത്തവരോട് കാര്യങ്ങൾ കൃത്യമായി അറിയിക്കാതെ വായ്പാകാലാവധി നീട്ടുകയും, ഫ്ലോട്ടിങ് നിരക്കുകൾ ഉയർത്തുകയും ചെയ്യുന്നതായുള്ള സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽകൂടിയാണ് പുതിയ തീരുമാനമെന്നും ശക്തികാന്താദാസ് അറിയിച്ചു
പുതിയ ചട്ടക്കൂട് പ്രകാരം ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് സ്വിച്ച് ചെയ്യാൻ ഇടപാടുകാരനെ അനുവദിക്കും. കൂടാതെ വായ്പാ കാലാവധി നീട്ടുക, ഇഎംഐ നിരക്കിൽ മാറ്റം വരുത്തുക പോലുള്ള കാര്യങ്ങൾ വായ്പാക്കാരനുമായി ബാങ്കുകൾ മുൻ കൂട്ടി സംസാരിച്ചു വ്യക്തതവരുത്തണം. പുതിയ കാര്യങ്ങൾ നടപ്പിൽ വരുത്തുമ്പോഴുണ്ടാകുന്ന ചാർജ്ജുകൾ സംബന്ധിച്ച് സുതാര്യത വേണമെന്നും കാര്യങ്ങൾ വായ്പയെടുത്തവരെ മുൻകൂട്ടി അറിയിക്കണമെന്നും ശക്തികാന്താദാസ് വ്യക്തമാക്കി. റിസർവ്വ് ബാങ്കിന്റെ ധനനയ വായ്പാ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആർബിഐ ഗവർണർ ശക്തികാന്താദാസ് ഇക്കാര്യം വിശദീകരിച്ചത്.