ഭവന വായ്‌പ ഏജൻസികളെ സംബന്ധിച്ച പരാതികളുടെ പരിഹരത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓംബുഡ്‌സ്‌മാൻ സംവിധാനം ഏർപ്പെടുത്തുന്നു. മാർച്ച് 31നു മുൻപു പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ആർബിഐയുടെ നിലവിലെ പരാതി പരിഹാര സംവിധാനമായ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്‌മാൻ സ്‌കീമിന്റെ പരിധിയിൽ ഭവന വായ്‌പ ഏജൻസികളെക്കൂടി ഉൾപ്പെടുത്തുകയാണു ചെയ്യുക.
കേന്ദ്ര ബാങ്കിന്റെ ഉപഭോക്‌തൃ വിദ്യാഭ്യാസ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ മുന്നേറുന്നതെന്ന് ഓംബുഡ്‌സ്‌മാൻ പദ്ധതി സംബന്ധിച്ച് ആർബിഐ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഭവന വായ്‌പ സംബന്ധിച്ച പരാതികൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നതു നാഷനൽ ഹൗസിങ് ബാങ്കാണ്. ആർബിഐ ഏർപ്പെടുത്തുന്ന ഓംബുഡ്‌സ്‌മാൻ സംവിധാനത്തിൽ നടപടിക്രമങ്ങൾ കൂടുതൽ ഉപഭോക്‌തൃ സൗഹൃദമായിരിക്കും
ബാങ്കിങ് സംബന്ധമായ പരാതികളുടെ പരിഹാരത്തിനു 2006ൽ നിലവിൽവന്ന ഓംബുഡ്‌സ്‌മാൻ സംവിധാനത്തെ തുടർ ന്നാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ള ബാങ്ക് ഇതര ധനസ്‌ഥാപന (എൻബിഎഫ്‌സി) ങ്ങൾക്കു ബാധകമായ ഓംബുഡ്‌സ്‌മാൻ സംവിധാനം 2018ൽ ആരംഭിച്ചത്. ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച പരാതികളുടെ പരിഹാരത്തിനു 2019ൽ ഓംബുഡ്‌സ്‌മാൻ സംവിധാനം ഏർപ്പെടുത്തി.
2021ൽ ഇവ മൂന്നും ഏകീകൃത സംവിധാനമാക്കി മാറ്റിക്കൊണ്ടാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്‌മാൻ സ്‌കീം ഏർപ്പെടുത്തിയത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെയും ഷെഡ്യൂൾഡ് വിഭാഗത്തിൽ പെടാത്തതും എന്നാൽ 50 കോടി രൂപയിലേറെ നിക്ഷേപമുള്ളതുമായ അർബൻ സഹകരണ ബാങ്കുകളെയും കഴിഞ്ഞ വർഷം ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്‌മാൻ സ്‌കീമിന്റെ പരിധിയിലാക്കി.