ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സാധിച്ചിട്ടുള്ളതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 19.08 കോടി, പിഴത്തുകയായി 2.72 കോടി, അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസര്‍ വഴിയുള്ള പിഴയായി 1.27 കോടി, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം, വാര്‍ഷിക റിട്ടേണായി 4.42 കോടി, സാമ്പിള്‍ പരിശോധന 1.34 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *