ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു കോടതികളിൽ 2015 മുതൽ തീർപ്പാകാതെ കിടക്കുന്ന നാലായിരത്തിലേറെ കേസുകളിൽ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഹൈക്കോടതിയെ സമീപിക്കും.ജീവനു ഭീഷണിയായ ഭക്ഷണം വിതരണം ചെയ്താൽ 7 വർഷം വരെ കഠിനതടവും 10 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കേസുകൾ തീർപ്പാകാതെ നീണ്ടു പോകുന്നതാണ് നിയമ ലംഘനങ്ങൾ പെരുകുന്നതിന് കാരണമെന്നു സർക്കാർ വിലയിരുത്തി.
സർക്കാർ നടപടികൾ
പഴകിയ ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ തുറക്കുന്നത് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അംഗീകാരത്തോടെ മാത്രം.
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെയും മോശം ഭക്ഷണം നൽകുന്നവർക്കെതിരെയും ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത് ഊർജിതമാക്കും.
കുറ്റക്കാരെന്നു കണ്ടെത്തിയാൽ കയ്യോടെ ലൈസൻസ് റദ്ദു ചെയ്യും. ഏതു സാഹചര്യത്തിലും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി നടപടിയെടുക്കുന്നതിന് അനുമതി.
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ലൈസൻസ് റദ്ദാക്കും.
ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കും. അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല.’