സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെയല്ലാതെ നിയമ വിരുദ്ധമായി നടത്തുന്ന ഒരു ചൂതാട്ടമാണ് ഡബ്ബ ട്രേഡിങ്ങ് .വളരെ അപകടം പിടിച്ച ഡബ്ബ ട്രേഡിങ്ങ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തരുതെന്ന് സെബിയുടെയും, എൻ എസ് ഇ യുടെയും,ബി എസ് ഇ യുടെയും മുന്നറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും പലരും ഇതിൽ ചെന്ന് ചാടുന്നവരാണ്. ഡബ്ബ ട്രേഡിങ്ങ് നടത്തുന്ന പലർക്കും ഇത് നിയമ വിരുദ്ധമാണ് എന്ന കാര്യം പോലും അറിയില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. ഇപ്പോൾ ഡബ്ബ ട്രേഡിങ്ങുകൾക്ക് ആപ്പുകൾ വരെ സുലഭമാണ്.ഇത്തരം ആപ്പുകളുടെ പരസ്യങ്ങളും ഇപ്പോൾ വരുന്നുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന ഒരു കാര്യം. ഓഹരി വിപണിയിൽ നിന്നും വൻ ലാഭം നൽകാം എന്ന വാഗ്ദാനം കേട്ട് അറിവില്ലാത്തവർ ഈ ഡബ്ബ ട്രേഡേഴ്സിന്റെ കെണിയിൽ വീഴാറുണ്ട്.
യഥാർത്ഥ ഓഹരി ഇടപാട് നടത്താതെ ഒരു ഓഹരി വിലയുടെ നീക്കത്തിനനുസരിച്ച് ബെറ്റ് വയ്ക്കലാണ് ഡബ്ബ ട്രേഡിങിൽ നടക്കുന്നത്. ഇതിൽ ചതിയിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചതിയിപെട്ടാൽ തന്നെ നിയമ വിരുദ്ധ ഇടപാടായതിനാൽ ആരോടും പരാതിപ്പെടാനും സാധിക്കില്ല. ഡബ്ബ ബ്രോക്കർമാർ പലപ്പോഴും ഇടപാടുകാർക്ക് ലാഭമുണ്ടായാൽ പണം നൽകാതെ ഇരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.നികുതി വെട്ടിപ്പിന് മാത്രമാണ് ആളുകൾ പ്രധാനമായും ഡബ്ബ ട്രേഡിങ്ങിലേക്ക് തിരിയുന്നത്. നികുതി കൊടുക്കാതെയും, ചാർജുകൾ ഒഴിവാക്കിയും, നടത്തുന്ന ഈ വ്യാപാരങ്ങളിൽ മുഴുവൻ ‘ലിക്വിഡ് ക്യാഷ്’ ആണ് കൈമാറുന്നത് . ഇന്ത്യൻ നിയമപ്രകാരം ഡബ്ബ വ്യാപാരം അംഗീകരിക്കപ്പെടാത്തതിനാൽ, നികുതി അധികാരികൾക്ക് ഈ നേട്ടങ്ങൾ ട്രാക്ക് ചെയ്ത് നികുതി ചുമത്തുന്നത് അസാധ്യമാണ്.
ഇന്ത്യയുടെ സാമ്പത്തിക വിപണിയിൽ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് ഡബ്ബ വ്യാപാരം. ഇത് ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, വിപണിയിൽ കുഴപ്പമുണ്ടാക്കുകയും, അനധികൃത ഫണ്ടിങും, നികുതി വെട്ടിപ്പും നടത്തുകയും ചെയ്യാൻ സഹായിക്കുന്ന ഒരു മാർഗമാണ്.വരുമാനത്തിൻ്റെ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ ഡബ്ബ വ്യാപാരികൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാം. അവർ അവരുടെ ട്രേഡുകളിൽ കമ്മോഡിറ്റി ട്രാൻസാക്ഷൻ ടാക്സ് അല്ലെങ്കിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് നൽകേണ്ടതില്ല.’ഡബ്ബ ട്രേഡിങ്’ എന്നത് പത്ത് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.
ഇന്ത്യയിൽ നേരായ രീതിയിൽ സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെ നടക്കുന്ന വ്യാപാരത്തിന്റെ കണക്കുകൾ മാത്രമേ പുറത്തു വരാറുള്ളൂ, എന്നാൽ ഡബ്ബ ട്രേഡിങിലൂടെ ഓഹരികളുടെ പേരിൽ മറിയുന്ന കോടികളും, അത് സൃഷ്ടിക്കുന്ന കോടിപ്രഭുക്കളെയും ആരും അറിയാറില്ല. ഓഹരി വിപണിയെ കുറിച്ച് നല്ല ഗ്രാഹ്യമുള്ളവർക്ക് ഡബ്ബ ട്രേഡിങിൽ നിന്നും കോടികൾ ഉണ്ടാക്കാനാകും .