ബ്രിക്സ് അംഗത്വം നേട്ടമാക്കാനൊരുങ്ങി യുഎഇയും സൗദി അറേബ്യയും. മധ്യപൂർവദേശത്തുനിന്ന് ഏഷ്യ, ആഫ്രിക്ക ഇടനാഴി വഴി വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ സാധിക്കുമെന്നാണ് ഇരുരാജ്യങ്ങളും കണക്കുകൂട്ടുന്നത്. ഇതു യുഎഇയിലെ വ്യാപാര, നിക്ഷേപ, പുനർ കയറ്റുമതി രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് സൂചന.
ബ്രിക്സിൽ അംഗത്വം നൽകിയതിനെ യുഎഇയും സൗദിയും സ്വാഗതം ചെയ്തു. സഹകരണത്തിന്റെ പുത്തൻ വാതിലുകൾ തുറന്നതിന്റെ നേട്ടം ആഗോള ജനതയ്ക്കു ലഭ്യമാകട്ടെ എന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രാജ്യത്തിന്റെ സന്തുലിത രാജ്യാന്തര നയത്തിന്റെ തെളിവാണ് യുഎഇയുടെ അംഗത്വമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
വടക്കും തെക്കും കിഴക്കും പടിഞ്ഞാറും രാജ്യങ്ങൾ തമ്മിലുള്ള വിടവ് നികത്തി സുപ്രധാന സാമ്പത്തിക, വ്യാപാര കേന്ദ്രമെന്ന നില ശക്തിപ്പെടുത്തും. സമാധാനം, സുരക്ഷ, ആഗോള വികസനം എന്നീ ലക്ഷ്യങ്ങൾക്കായുള്ള യാത്ര യുഎഇ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.